ഇന്ത്യന്‍ ഓയില്‍ തത്കാല്‍ സേവനം ;ബുക്ക് ചെയ്താല്‍ ഉടന്‍ സിലിണ്ടര്‍


ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് ‘തത്കാല്‍’ ബുക്കിംഗ് സേവനം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) തീരുമാനിച്ചു. ഈ പുതിയ സേവനം അനുസരിച്ച് ബുക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. 2021 ജനുവരി 16 മുതല്‍ ഗ്രേറ്റര്‍ ഹൈദരാബാദിന്റെ പരിധിക്കുള്ളില്‍ ഒരു പരീക്ഷണമായാണ് തെലങ്കാന സംസ്ഥാനത്ത് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഈ പദ്ധതി ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്.
സിലിണ്ടറിന്റെ ‘തത്കാല്‍’ ബുക്കിംഗിനായി ഉപയോക്താക്കള്‍ 25 രൂപ അധികമായി നല്‍കണം. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്താല്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കും. ഈ സൗകര്യത്തിനായി പുതിയ ‘ആപ്പ്’ ആരംഭിച്ചേക്കും. ബുക്കിംഗ് രസീത് ഹാജരാക്കാതെ തന്നെ പാചക വാതകം ഓണ്‍ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും.