ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കി; വിപ്രോ ഓഹരികള്‍ കുതിക്കുന്നു

9500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിപ്രോ ഓഹരി വിപണിയില്‍ കുതിക്കുന്നു. ജനുവരി 16 നാണ് ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി കമ്പനി പ്രഖ്യാപിച്ചത്. അസിം പ്രേംജിയുടെ നേതൃത്വത്തിലുള്ള അനുബന്ധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 9,156 കോടി രൂപയുടെ 22.89 കോടി ഓഹരികള്‍ തിരിച്ചെടുത്തു. ഓഹരിയൊന്നിന് 400 രൂപ എന്ന കണക്കില്‍ മൊത്തം 23.75 കോടി ഓഹരികളാണ് വിപ്രോ തിരിച്ചുവാങ്ങിയത്.
ഡിസംബര്‍ 29 ന് തുടങ്ങി ജനുവരി 11 ഓടെ ഓഹരി തിരിച്ചുവാങ്ങല്‍ നടപടികള്‍ കമ്പനി പൂര്‍ത്തിയാക്കി. ഇതില്‍ അസിം പ്രേംജി ട്രസ്റ്റ് മാത്രം 19.87 കോടി ഓഹരികള്‍ സ്വന്തമാക്കി. ഹഷാം ട്രേഡേഴ്‌സിനെ പ്രതിനിധീകരിക്കുന്ന മിസ്റ്റര്‍ അസിം ഹഷാം പ്രേംജി പാര്‍ട്ണര്‍ 1 കോടി ഓഹരികളും അസിം പ്രേംജി ഫിലാന്ത്രോപിക് ഇനീഷ്യേറ്റീവ്‌സ് 51.82 ലക്ഷം ഓഹരികളും വാങ്ങിയതായി വിപ്രോ അറിയിച്ചു.
ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 2,966.70 കോടി രൂപയാണ് കമ്പനി അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേകാലത്ത് 2,455.80 കോടി രൂപയായിരുന്നു വിപ്രോയുടെ അറ്റാദയം. ഇത്തവണ 20.8 ശതമാനം വളര്‍ച്ച കമ്പനി കയ്യടക്കി. ഡിസംബറില്‍ 15,670 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. വളര്‍ച്ച 1.3 ശതമാനം. തിങ്കളാഴ്ച്ച രാവിലെ സമയം 11:29 ന് 0.16 ശതമാനം നേട്ടത്തോടെ 439.10 എന്ന നിലയ്ക്കാണ് വിപ്രോ ഓഹരികളുടെ വ്യാപാരം നടന്നത്.