സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫോണ്‍ബില്ലിലെ ഇളവ് ബി.എസ്.എന്‍.എല്‍. വര്‍ധിപ്പിച്ചു

കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഫോണ്‍ബില്ലില്‍ നല്‍കി വരുന്ന ഇളവ് അഞ്ചില്‍ നിന്ന് 10 ശതമാനമാക്കി ബി.എസ്.എന്‍.എല്‍. വര്‍ധിപ്പിച്ചു.
ലാന്‍ഡ് ഫോണുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തില്‍ വരിക.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. ആനുകൂല്യത്തിന് അര്‍ഹരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ബി.എസ്.എന്‍.എലില്‍ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവര്‍ പെന്‍ഷന്‍ ബുക്കിന്റെ പകര്‍പ്പാണ് സമര്‍പ്പിക്കേണ്ടത്.

2008ലാണ് ആദ്യമായി ജീവനക്കാര്‍ക്ക് ബില്ലില്‍ ഇളവ് ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013ല്‍ ഇത് 10 ശതമാനത്തിലേക്കും 2015ല്‍ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോള്‍ 10 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.