റിലയന്‍സ്-ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ റിലയന്‍സിന് വില്‍ക്കാനുള്ള 3.4 ബില്യണ്‍ ഡോളറിന്റെ കരാറിന് ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ബുധനാഴ്ച അംഗീകാരം നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടിനെച്ചൊല്ലി ഫ്യൂച്ചറും ആമസോണും നിയമപോരാട്ടത്തിലാണ്. ആമസോണുമായുള്ള കരാര്‍ ലംഘിച്ചാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പുതിയ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നാണ് ആമസോണിന്റെ ആരോപണം. ഈ ഇടപാട് തങ്ങളെ ബാധിക്കില്ലെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ വ്യക്തമാക്കി.
എന്നാല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കുമ്പോള്‍ ആമസോണുമായി കമ്പനി തുടരുന്ന കരാറിന്റെ വിവിധ വിവരങ്ങള്‍ ഫ്യൂച്ചര്‍ പങ്കിടണമെന്ന് സെബി നിര്‍ദ്ദേശിച്ചു. ഇടപാടിന്റെ അവലോകനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനായി സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും കഴിഞ്ഞ ആഴ്ചകളില്‍ ആവര്‍ത്തിച്ച് കത്തുകള്‍ അയച്ച ആമസോണിന് ഈ അറിയിപ്പ് തിരിച്ചടിയാകും.