ഓഹരി വില്‍പ്പന തുടങ്ങും മുമ്പേ 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൊമാറ്റോ


ഓഹരി വിപണിയില്‍ പേരു ചേര്‍ക്കുന്നതിനുമുമ്പേ തന്നെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ 500 മില്യണ്‍ ഡോളര്‍ ശേഖരിക്കാനൊരുങ്ങുകയാണ്. ധനസമാഹരണം പൂര്‍ത്തിയായാല്‍ ഗുരുഗ്രാം ആസ്ഥാനമായ കമ്പനി സൊമാറ്റോയുടെ മൊത്തം മൂല്യം 5.5 ബില്യണ്‍ ഡോളറായി ഉയരും. പുതിയ ഫൈനാന്‍സിങ് നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. ടൈഗര്‍ ഗ്ലോബല്‍, കോറ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സ്‌റ്റെഡ്‌വ്യൂ, ഫിഡെലിറ്റി, ബോ വേവ്, വൈ ക്യാപിറ്റല്‍ എന്നീ നിലവിലെ നിക്ഷേപകര്‍ക്കൊപ്പം പുതിയ നിക്ഷേപകരായ ഡ്രാഗണീയര്‍ ഗ്രൂപ്പും സൊമാറ്റോയുടെ ഫൈനാന്‍സിങ് റൗണ്ടില്‍ പങ്കെടുക്കും.
പ്രാഥമിക ധനസമാഹരണത്തിന്റെ ഭാഗമായി 250 മില്യണ്‍ ഡോളര്‍ ഇപ്പോഴുള്ള നിക്ഷേപകരില്‍ നിന്നായിരിക്കും കമ്പനി കണ്ടെത്തുക. ശേഷം ഇത്രയുംതന്നെ തുക അലിബാബ ഗ്രൂപ്പിന് കീഴിലുള്ള ആന്റ് ഗ്രൂപ്പും സണ്‍ലൈറ്റ് ഫണ്ടും ചേര്‍ന്ന് ഓഹരി വില്‍പ്പനയിലൂടെ സമര്‍പ്പിക്കും. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ പൊതു വിപണിയില്‍ ഓഹരികള്‍ വില്‍ക്കാന്‍ സൊമാറ്റോ നടപടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 6 മുതല്‍ 8 ബില്യണ്‍ ഡോളര്‍ വരെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നും സമാഹരിക്കാന്‍ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
2020 ല്‍ 2,451 കോടി രൂപയുടെ നഷ്ടമാണ് സൊമാറ്റോയ്ക്ക് സംഭവിച്ചത്. ഇതേസമയം 2,486 കോടി രൂപ കമ്പനി വരുമാനം കണ്ടെത്തുകയുണ്ടായി. എതിരാളിയായ യൂബര്‍ ഈറ്റ്‌സിനെ വാങ്ങിയതോടെയാണ് സൊമാറ്റോയ്ക്ക് നഷ്ടമുണ്ടായത്.