ഫോജി; റിപ്പബ്ലിക് ദിനത്തിലെത്തും, രജിസ്‌ട്രേഷന്‍ 40 ലക്ഷം കടന്നു


പബ്ജി മൊബൈല്‍ ഗെയിമിന് വിലക്കേര്‍പ്പെടുത്തിയതോടെ പകരം വരുന്ന ഫോജി (ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ്) ഇറങ്ങും മുമ്പേ ഹിറ്റ്. റിപ്പബ്ലിക് ദിനത്തില്‍ ഫോജി ഗെയിം പ്ലേ സ്റ്റോറിലെത്തുമെന്ന് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ കമ്പനി പ്രഖ്യാപിച്ചു. 40 ലക്ഷത്തില്‍പരം ആളുകള്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഡിസംബറില്‍ ഗെയിമിന്റെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. പബ്ജി ഗെയിമിന് വിലക്ക് വീണതിന് പിന്നാലെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ഫോജി ഗെയിമിന്റെ വരവ് ആദ്യം അറിയിച്ചത്.

ഗാല്‍വാല്‍ താഴ്‌വാരയില്‍ നടന്ന സൈനികസംഘര്‍ഷം ഗെയിം ഇതിവൃത്തമാക്കും. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള ‘ഭാരത് കാ വീര്‍’ സംഘടനയ്ക്ക് ധനസമാഹരണം നടത്താനും പ്രത്യേക സൗകര്യം നിര്‍മാതാക്കള്‍ ഗെയിമില്‍ ഒരുക്കിയിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുകയാണ് ‘ഭാരത് കാ വീര്‍’ സംഘടനയുടെ പ്രഥമ ലക്ഷ്യം. ജനുവരി 3 ന് ഫോജി ഗെയിമിന്റെ പ്രീരജിസ്‌ട്രേഷന്‍ വിവരം അക്ഷയ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചിരുന്നു. പുതിയ ഫോജി ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാവും.
കഴിഞ്ഞ സെപ്തംബറിലായിരുന്നു പബ്ജി ഗെയിമിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത്. കേന്ദ്രം വിലക്കിയ സാഹചര്യത്തില്‍ ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും പബ്ജി മൊബൈല്‍ ഗെയിം അപ്രത്യക്ഷമായി. പബ്ജി മാതൃകയില്‍ മള്‍ട്ടിപ്ലെയര്‍ ആക്ഷന്‍ ഗെയിമായിരിക്കും വരാനിരിക്കുന്ന ഫോജി. ഗെയിമിന്റെ ആദ്യ വീഡിയോ എന്‍കോര്‍ പുറത്തുവിട്ടുകഴിഞ്ഞു.