ഊരാളുങ്കലിന്‌ അന്താരാഷ്ട്ര അംഗീകാരം

അന്താരാഷ്ട്ര അംഗീകാരം നേടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി. 2020ലെ വേള്‍ഡ് കോഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ മികച്ച റാങ്കിംഗ് ആണ് ഊരാളുങ്കല്‍ സ്വന്തമാക്കിയിരിക്കുന്നത്.

സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സംഘടനയാണ് അന്തര്‍ദേശീയ സഹകരണസംഘം. റിപ്പോര്‍ട്ട് പ്രകാരം വ്യവസായ ഉപഭോക്തൃസേവന വിഭാഗത്തില്‍ വിറ്റ് വരവ് റാങ്കിങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ നിന്നുള്ള ഒരു സഹകരണ സ്ഥാപനം ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചതില്‍ വലിയ സന്തോഷമുണ്ട് എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎല്‍സിസിഎസ് മാത്രമാണ് ഉള്ളത്. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നു വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍.