ഖത്തറിലും നികുതിവരുന്നു

ദോഹ: ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവര്‍ധിത നികുതി) നടപ്പാക്കാന്‍ സാധ്യത. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഈയിടെ ഒപ്പുവെച്ച കരാര്‍ പ്രകാരമാണിത്​. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങള്‍ക്ക് ഖത്തര്‍ നേരത്തേ തന്നെ അംഗീകാരം നല്‍കിയിരുന്നു. വാറ്റ് നടപ്പില്‍ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തര്‍ ജനറല്‍ ടാക്സ്​ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്​.

ഈ വര്‍ഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഈ രംഗ​െത്ത വിദഗ്​ധര്‍ പറയുന്നു. ഇതുസംബന്ധിച്ച്‌​ ‘ഗള്‍ഫ് ടൈംസ്​’ പത്രവും വാര്‍ത്ത നല്‍കിയിരുന്നു. വാറ്റ് നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് രാജ്യമെന്ന്​ ‘ടാക്സ്​ ഫോര്‍ ഖത്തരി ബിസിനസ്​’ എന്ന തലക്കെട്ടില്‍ ഏണസ്​റ്റ് ആന്‍ഡ് യങ് നടത്തിയ വെര്‍ച്വല്‍ സെമിനാറില്‍ വിദഗ്​ധര്‍ പറഞ്ഞു.

ഈയിടെ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം രാജ്യത്ത് ഉടന്‍ തന്നെ വാറ്റ് നടപ്പാക്കാനുള്ള സാധ്യതകളാണുള്ളത്​. കമ്ബനികള്‍ ഇതിനായി തയാറെടുക്കണമെന്നും ചുരുങ്ങിയത് ആറു മാസമെങ്കിലും ഇതിനായി ആവശ്യംവരുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല.

എന്നാല്‍, നടപടികള്‍ ജനറല്‍ ടാക്സ്​ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്​ അല്‍ തമീമി ആന്‍ഡ് കമ്ബനിയും ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ്സ്​ അസോസിയേഷനും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ നികുതി സംവിധാനത്തില്‍ ഖത്തര്‍ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയില്‍ തന്നെ വാറ്റ് നടപ്പാക്കുമെന്നതിലേക്കാണ് സൂചന നല്‍കുന്നത്​. കോവിഡ്-19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സര്‍ക്കാറുകളെ നിര്‍ബന്ധിപ്പിച്ചതായി ഇ.വൈ ബിസിനസ്​ ടാക്സ്​ ഉപദേശക സമിതിയായ അഹ്മദ് അദ്ദുസൂകി പറഞ്ഞു.

മേഖലയില്‍ തന്നെ ടാക്സ്​ റിട്ടേണ്‍, പേമെന്‍റ് എന്നിവയുടെ കാലാവധി ദീര്‍ഘിപ്പിച്ച ആദ്യ സ്ഥാപനമായിരുന്നു ഖത്തറിലെ ജനറല്‍ ടാക്സ്​ അതോറിറ്റി. കൂടുതല്‍ വരുമാനം ലഭിക്കുന്നതിന്​ ടാക്സ്​ അതോറിറ്റി വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്​. ഇതിനാലാണ്​ വാറ്റ്​ നടപ്പാക്കുന്നത്​.