ബജറ്റ് ഇനി ഫോണിലും ലഭിക്കും, ധനമന്ത്രി ആപ്പ് പുറത്തിറക്കി

കേന്ദ്ര ബജറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തിറക്കി. ആപ്പുവഴി പാര്‍ലമെന്റ് അംഗങ്ങള്‍ക്കും (എംപിമാര്‍ക്കും) പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകളിലേക്ക് തടസ്സരഹിതമായ പ്രവേശനം ലഭിക്കും. ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശിച്ചിട്ടുള്ള 14 കേന്ദ്ര ബജറ്റ് രേഖകള്‍, ഗ്രാന്റുകള്‍ക്കായുള്ള ആവശ്യം (ഡിജി), വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്‌മെന്റ്, ധനകാര്യ ബില്‍ എന്നിവയും ആപ്ലിക്കേഷന്‍ വഴി ലഭിക്കും.
കൊറോണ വൈറസ് മഹാമാരി കാരണം ബജറ്റ് സെഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം ബജറ്റ് രേഖകള്‍ അച്ചടിക്കില്ല. ബജറ്റ് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന തരത്തില്‍ ഉപഭോക്തൃസൗഹൃദ ഇന്റര്‍ഫേസ് അപ്ലിക്കേഷനാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇത് രണ്ട് ഭാഷകളില്‍ (ഇംഗ്ലീഷ്, ഹിന്ദി) ലഭ്യമാകും. ഐഒസ്, ആന്‍ഡ്രോയിഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളില്‍ അപ്ലിക്കേഷന്‍ ലഭ്യമാണ്.
2021 ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ അപ്ലിക്കേഷന്‍ www.indiabudget.gov.in ലെ കേന്ദ്ര ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.