ലോക്ക്ഡൗണില്‍ മണിക്കൂറില്‍ ജോലി പോയത് 1.7 ലക്ഷം പേര്‍ക്ക്; സമ്പന്നരുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധനവ്

കൊവിഡ് വ്യാപനം രാജ്യത്തെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്ക് മേല്‍ കനത്ത ആഘാതമേല്‍പ്പിച്ചെന്ന് ഓക്‌സ്ഫാം പഠനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഓക്‌സ്‌ഫോം റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ദ ഇന്‍ ഈക്വാലിറ്റി വൈറസ് എന്ന തലക്കെട്ടോടെയാണ് പഠനം. ലോക്ക്ഡൗണ്‍ കാലത്ത് അതിസമ്പന്നരുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധനയുണ്ടായതായി പഠനം പറയുന്നു. എന്നാല്‍ 84 ശതമാനം കുടുംബങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വരുമാന നഷ്ടമുണ്ടായി. ഏപ്രിലില്‍ മാത്രം ഓരോ മണിക്കൂറിലും 1.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും പഠനം വെളിപ്പെടുത്തി.
2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ നൂറ് അതിസമ്പന്നരുടെ ആസ്തി വര്‍ധിച്ചു വരികയാണ് എന്നാണ് ഓക്‌സ്ഫാം പറയുന്നത്. ഇന്ത്യയിലെ 14 കോടി ദരിദ്രരിലെ ഓരോരുത്തര്‍ക്കും 94,045 രൂപയുടെ ചെക്ക് നല്‍കാന്‍ മാത്രം ആസ്തി വര്‍ധനയാണ് സമ്പന്നര്‍ക്ക് ഉണ്ടായിട്ടുള്ളത്. മുകേഷ് അംബാനി അടക്കം നൂറ് സമ്പന്നരുടെ ആസ്തിയില്‍ 13 ലക്ഷം കോടിയാണ് വര്‍ധിച്ചത്.
രാജ്യത്ത് ഓരോ മണിക്കൂറിലും ശരാശരി 1.7 ലക്ഷം പേര്‍ക്കാണ് ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായത്. എന്നാല്‍ കുമാരമംഗലം ബിര്‍ള, ഗൗതം അദാനി, അസിം പ്രേംജി, സുനില്‍ മിത്തല്‍, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍, സിറസ് പൂനവാല, രാധാകൃഷ്ണ ധമാനി തുടങ്ങിയവരുടെ ആസ്തികളില്‍ വന്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്.