ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം എത്തിയത് 5700 കോടി

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞവര്‍ഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം. ഡിജിറ്റല്‍ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവിടങ്ങളിലേക്ക് ഫെയ്‌സ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികള്‍ നടത്തിയ മൂലധന നിക്ഷേപം വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.

അതേസമയം, ആഗോള തലത്തില്‍ എഫ്.ഡി.ഐ. 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019ല്‍ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വ്യാപാരവികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രെന്‍ഡ് മോണിറ്റര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.