കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

2021 സീസണിലെ കൊപ്രയുടെ മിനിമം താങ്ങ് വില കേന്ദ്ര മന്ത്രിസഭ വര്‍ധിപ്പിച്ചു. ഗുണമേന്മയുള്ള ആട്ട് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊപ്രയുടെ വില ക്വിന്റലിന് 10,335 രൂപയിലേക്ക് എത്തി. കഴിഞ്ഞ സീസണില്‍ ഉണ്ട കൊപ്രയ്ക്ക് 9,960 രൂപയായിരുന്നു വില. ഈ സീസണില്‍ ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 300 രൂപ വര്‍ധിപ്പിച്ച് 10,600 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ഇതോടെ പ്രഖ്യാപിച്ച താങ്ങുവില പ്രകാരം അഖിലേന്തായ തലത്തില്‍ കണക്കാക്കിയ ശരാശരി ഉല്‍പ്പാദന ചെലവിനേക്കാള്‍ ആട്ട് കൊപ്രയ്ക്ക് ഉണ്ട കൊപ്രയ്ക്ക് 55.76 ശതമാനവും വരുമാനം ലഭിക്കും. കാര്‍ഷിക ചെലവ് വില കമ്മീഷന്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കൊപ്ര കര്‍ഷകര്‍ക്ക് 52 ശതമാനം വരുമാനം ഉറപ്പാക്കുന്നതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഉല്‍പാദനച്ചെലവ് ക്വിന്റലിന് 6,800 രൂപയാണ്.

ഇതിനെല്ലാം പുറമേ രാജ്യത്ത് നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ചുരുങ്ങിയ താങ്ങുവില നല്‍കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര നോഡല്‍ ഏജന്‍സികളായ എന്‍സിസിഎഫ്, നാഫെഡ് എന്നിവ പ്രവര്‍ത്തിക്കും. കഴിഞ്ഞ 2020 സീസണില്‍ 4896 കൊപ്രാ കര്‍ഷകരില്‍ നിന്നായി ഗവണ്‍മെന്റ് 5053.34 ടണ്‍ ഉണ്ട കൊപ്രയും 35.58 ടണ്‍ ആട്ട് കൊപ്രയുമാണ് സംഭരിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.