ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 23000 രൂപ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കുറഞ്ഞശമ്പളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൂടിയ ശമ്പളം 1,66,800 രൂപ ആണ്. കുറഞ്ഞ ഇന്‍ക്രിമെന്റ് 700 രൂപയും കൂടിയത് 3400 രൂപയും ആയിരിക്കും.
വീട്ട് വാടക അലവന്‍സ് (എച്ച്.ആര്‍.എ) കോര്‍പറേഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 8, 6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളില്‍ 4 ശതമാനവും നല്‍കാന്‍ ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് കുറഞ്ഞ എച്ച്ആര്‍എ 1200 രൂപയും കൂടിയ എച്ച്ആര്‍എ 10000 രൂപയും ആകും. എച്ച് ആര്‍എ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി.