കൃഷി, മത്സ്യബന്ധന മേഖലകളില്‍ വന്‍തോതിലുള്ളവികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍

  •  ത്രിദിന ആഗോള സമ്മേളനത്തില്‍ ചര്‍ച്ച

തിരുവനന്തപുരം: ആഗോളാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍ അവലംബിക്കാനും അവ പ്രോത്സാഹിപ്പിക്കാനും മത്സ്യബന്ധന മേഖലയില്‍ ഉല്പാദനം, സംസ്കരണം, വിപണനം എന്നിവ മെച്ചപ്പെടുത്തി വിതരണത്തിനുള്ള അടിസ്ഥാന സംവിധാനം സൃഷ്ടിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ തിരുവനന്തപുരത്തു നടത്തുന്ന വിപുലമായ ആഗോള സമ്മേളനത്തിന്‍റെ ഭാഗമായി ഈ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തുന്ന ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇതിനായി സ്വീകരിക്കും.

കോവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടക്കാന്‍ കാര്‍ഷിക മേഖലയെ സജ്ജമാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഉല്പാദനവും മൂല്യവല്‍കരണവും വിപണനവും മെച്ചപ്പെടുത്താന്‍ നേരത്തെതന്നെ വന്‍തോതിലുള്ള കാര്‍ഷിക പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി രണ്ടിനു കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുക്കപ്പെട്ട വിളകളുടെ വിളവെടുപ്പുകള്‍ക്കിടയിലുള്ള കാലവിളംബം ഒഴിവാക്കി ഉല്പാദനം വര്‍ധിപ്പിക്കുന്നത്  വിഷയമാക്കും.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടു സെഷനുകളില്‍ സമുദ്രത്തിലെയും  ഓരുവെള്ളത്തിലെയും ശുദ്ധജലത്തിലെയും കൃഷിയുടെ സാധ്യതകള്‍, മെച്ചപ്പെട്ട മത്സ്യ ഇനങ്ങള്‍, ഉല്പാദനക്ഷമത എന്നിവ ചര്‍ച്ച ചെയ്യും. വിപണന, വിതരണ ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും മത്സ്യസംസ്കരണം, മൂല്യവല്‍കൃത ഉല്പന്ന വികസനം, ഈ മേഖലയിലെ പരിശീലനവും വിദ്യാഭ്യാസവും എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും വിദഗ്ധര്‍ നല്‍കും.

ഫിഷറീസ്-തുറമുഖ എന്‍ജനീയറിംഗ് വകുപ്പുമന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു പുറമെ വേള്‍ഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. മൊദാദുഗു വിജയ് ഗുപ്ത,  മിഷിഗണ്‍ സര്‍വകലാശാലയിലെ കാര്‍ഷിക-ഭക്ഷ്യ-സാമ്പത്തിക വിഭവ വിഭാഗം പ്രൊഫസര്‍ ഡോ. ബെന്‍ ബെല്‍ട്ടണ്‍ എന്നിവര്‍ ഈ സെഷനുകളില്‍ പങ്കെടുക്കും.  

കൃഷിക്കായി നീക്കിവച്ചിട്ടുള്ള മൂന്ന് ഉപ സെഷനുകളില്‍ ഉത്പാദന സംഘാടനവും കര്‍ഷക സഹകരണ സംവിധാനം വിജയകരമാക്കുന്നതിനുള്ള രാജ്യാന്തര സമ്പ്രദായങ്ങളെയും പരിചയപ്പെടുത്തും. പ്രാദേശിക സഹകരണത്തോടെയുള്ള ജലവിനിയോഗം മെച്ചപ്പെടുത്തുന്നതിനു പുറമെ അടുത്ത ഘട്ടമെന്ന നിലയില്‍ നദീജല വിനിയോഗം,  ഡ്രിപ്-സ്പ്രിംഗ്ളര്‍ ജലസേചനം, പോളി ഹൗസുകള്‍, ഗ്രീന്‍ ഹൗസുകള്‍ എന്നിവയുടെ സാധ്യതകള്‍ ആരായും.

കൃഷിമന്ത്രി ശ്രീ വി.എസ് സുനില്‍ കുമാര്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മഹാപാത്ര, ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസര്‍ കാത്ലീന്‍ എല്‍ ഹെഫറോണ്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ വി. രാംകുമാര്‍, ബോര്‍ഡ്  കാര്‍ഷികവിഭാഗം മേധാവി ശ്രീ എസ്എസ് നാഗേഷ് എന്നിവര്‍ പങ്കെടുക്കും.

നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആഗോളാടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള പുത്തന്‍ രീതികള്‍ കേരളം അവലംബിക്കേണ്ടതുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പുതിയ വിത്തുകളും നടീല്‍ വസ്തുക്കളും വിള മാനേജ്മെന്‍റും ഇതിന്‍റെ ഭാഗമാകണമെന്നും ഐടി അധിഷ്ഠിതമായ കൃഷി വ്യാപന സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തണമെന്നും  അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്ത് മത്സ്യബന്ധന മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും മികച്ച ആഭ്യന്തര വിപണിയ്ക്കനുസരിച്ച് ആധുനിക സാങ്കേതികവിദ്യയും തൊഴില്‍ശേഷിയും കൈമുതലായുള്ള അഭ്യസ്തവിദ്യരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. തദ്ദേശ ഭരണകൂടങ്ങളും ജനപങ്കാളിത്തവും വികേന്ദ്രീകൃതമായ മത്സ്യകൃഷി വികസനത്തിനാവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തെ പരിശ്രമം കൊണ്ട് 2018-19 ലെ ഉള്‍നാടന്‍ മത്സ്യോല്പാദനത്തില്‍ 15 ശതമാനം വളര്‍ച്ച നേടാനായെന്ന്   അദ്ദേഹം ചൂണ്ടിക്കാട്ടി.

ത്രിദിന സമ്മേളനത്തിന്‍റെ ഫെബ്രുവരി ഒന്നിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാമ്പത്തികശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവ് പ്രൊഫ ജോസഫ് സ്റ്റിഗ്ലിസ്റ്റ്, ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിന് രജിസ്ട്രേഷന്‍ ആവശ്യമില്ല. പങ്കെടുക്കുന്നതിനായി www.keralalooksahead.com ല്‍ ലോഗിന്‍ ചെയ്യുക.