ജി.ഡി.പി 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സര്‍വെ

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉല്‍പാദനം) 7.7 ശതമാനമായി ചുരുങ്ങുമെന്ന് 2021-22 സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ വെച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ (2021 ഏപ്രില്‍-2022 മാര്‍ച്ച്‌) ജി.ഡി.പി വളര്‍ച്ചാ നിരക്ക് 11 ശതമാനത്തില്‍ എത്തും. 2022-23 ആകുമ്പോഴേക്കും 15.4 ശതമാനത്തില്‍ വളര്‍ച്ച എത്തിയേക്കുമെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.

വളര്‍ച്ചാ നിരക്ക് 24 ശതമാനം വരെ ചുരുങ്ങുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രണ്ടാം പാദത്തില്‍ വളര്‍ച്ച നേടിയിരുന്നു.

ഈ സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്ന് ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും നേരത്തെ ഐ.എം.എഫ് വിലയിരുത്തിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയി‍രുന്നു.