വില്‍പ്പന സമ്മര്‍ദം: അഞ്ചു പ്രവൃത്തി ദിവസംകൊണ്ട് സെന്‍സെക്സ് 3,899 പോയിന്റ് താഴ്ന്നു

മുംബൈ: ഇക്കണോമിക് സര്‍വേയുടെ പിന്‍ബലത്തില്‍ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ വീണ്ടും നിക്ഷേപകരുടെ കണ്ണീര്‍ വീഴ്ത്തി. അഞ്ചു പ്രവൃത്തി ദിവസംകൊണ്ട് സെന്‍സെക്സ് 3,899 പോയിന്റാണ് കൂപ്പുകുത്തിയത്. ജനുവരി 21ന് 50,184 പോയിന്റ് രേഖപ്പെടുത്തിയ സൂചികയാണ് ദിവസങ്ങള്‍ക്കുള്ളില്‍ നാലായിരം പോയിന്റോളം ഇടിഞ്ഞത്. ദേശീയ ഓഹരി സൂചികയും ദിവസങ്ങള്‍ക്കുള്ളില്‍ 1000ത്തിലേറെ പോയിന്റ് നഷ്ടത്തിലായി. ജനുവരി 23,24,26 ദിവങ്ങളില്‍ വിപണികള്‍ അവധിയായിരുന്നു. സെന്‍സെക്സ് 589 പോയിന്റ് ഇടിഞ്ഞ് 46,285.77ലും നിഫ്റ്റി 183 പോയിന്റ് താഴ്ന്ന് 13,634.60ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.മികച്ചുനിന്ന സൂചികകള്‍ ഉച്ചയോടെ കടുത്ത വില്‍പ്പനസമ്മര്‍ദം നേരിട്ടു. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്കു തിരിഞ്ഞതോടെ നഷ്ടം കടുത്തു. നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ നഷ്ടത്തിലായത് നിക്ഷേപകരെ സമ്മര്‍ദ്ദത്തിലാഴ്ത്തി.

ഐ.പി.ഒയ്ക്ക് വന്‍ ആവശ്യകതയുണ്ടായിട്ടും 26 രൂപ നിശ്ചയിച്ചിരുന്ന ഓഹരികള്‍ വിപണികിയിലെത്തിയപ്പോള്‍ 24.80ലെത്തി. തുടര്‍ച്ചയായി ആറാംദിനമാണ് വിപണികള്‍ നഷ്ടത്തിലാകുന്നത്. ബജറ്റിന് മുന്നോടിയായുള്ള വില്‍പ്പന സമ്മര്‍ദത്തില്‍ 15 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്കു നഷ്ടമായത്. വിദേശനിക്ഷേപകരുടെ അഭാവവും വിപണികളില്‍ പ്രതിഫലിച്ചു. വാഹനം, ലോഹം, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മൂലധനം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത സാമ്ബത്തിക സര്‍വേയില്‍ ചൂണ്ടികാണിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടത്തിലായ ബാങ്കിങ് ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കി. വ്യാഴാഴ്ച സെന്‍സെക്സ് 535.57 പോയിന്റും ബുധനാഴ്ച 937.66 പോയിന്റും ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണികള്‍ നഷ്ടത്തിലായതും പ്രാദേശിക സൂചികകളില്‍ പ്രതിഫലിച്ചു.