വില കൂടിയപ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാരും കുറഞ്ഞു; വില്പന 14 ശതമാനം ഇടിഞ്ഞു

മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സ്വര്‍ണ ഉപഭോക്തൃ ആവശ്യ ഇടിവ് 2020-ലെ സ്വര്‍ണ ആവശ്യത്തെ 14 ശതമാനം വാര്‍ഷിക ഇടിവോടെ 3,759.6 ടണ്‍ എന്ന നിലയിലെത്തിച്ചു. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിന് താഴെ എത്തുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാലാം ത്രൈമാസത്തിലെ സ്വര്‍ണ ആവശ്യം 28 ശതമാനം ഇടിഞ്ഞ് 783.4 ടണ്‍ എന്ന നിലയിലെത്തിയിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ 2008 രണ്ടാം ത്രൈമാസത്തിനു ശേഷമുള്ള ഏറ്റവും മോശമായ ത്രൈമാസമായിരുന്നു ഇത്. എന്നാല്‍ നാലാം ത്രൈമാസത്തില്‍ സ്വര്‍ണ ആഭരണ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം ഇടിഞ്ഞ് 515.9 ടണില്‍ എത്തിയിരുന്നു. മുഴുവന്‍ വര്‍ഷത്തില്‍ ഇത് 1,411.6 ടണ്‍ ആയിരുന്നു. 2019-നെ അപേക്ഷിച്ച്‌ 34 ശതമാനമായിരുന്നു ഇടിവ്.

സ്വര്‍ണത്തിന്റെ ആകെ വാര്‍ഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണിലെത്തി. 2013 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത് . കോവിഡിനെ തുടര്‍ന്ന് ഖനികളില്‍ ഉണ്ടായ തടസമാണ് ഇതിന് കാരണം .