‘കര്‍ണന്‍’ റിലീസ് തിയതി പ്രഖ്യാപിച്ചു

പരിയേറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണന്‍ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ടോണിലാണ് അനൗണ്‍സ്‌മെന്റ് ടീസര്‍. വാളെടുത്ത് കുന്നിന്‍ മുകളിലേക്ക് ഓടിക്കയറുന്ന ധനുഷിനെയാണ് ടീസറില്‍ കാണുന്നത്. ആനയും കുതിരയും നായയും ടീസറിലുണ്ട്.

‘വാളെടുത്ത് നില്‍ക്കുന്ന അവനെ നോക്കൂ, എതിരിടാന്‍ ഒരുത്തനും ഇല്ല’ എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടീസര്‍ മാരി സെല്‍വരാജ് ട്വിറ്ററില്‍ പങ്കുവെച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. നടന്‍ ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.

991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്‍റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ കര്‍ണന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ അടക്കമുള്ളവര്‍ കര്‍ണനെ അഭിനന്ദിച്ച്‌ രംഗത്തുവന്നിരുന്നു.