സിനിമാ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സിനിമ തിയേറ്ററുകളുടെ പ്രവർത്തനത്തിനുള്ള പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ സിനിമാ ഹാളുകൾക്കും തിയേറ്ററുകൾക്കുമായി പുതിയ മാർഗരേഖയും വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കി.

പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ

1. തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം.

2. മാസ്ക് നിര്‍ബന്ധം

3. തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി)

4. തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.

5. കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി, കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.

6. കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല

7. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം

8. തിയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.

നിലവിലുള്ള 50% ഇരിപ്പിട ശേഷിയിൽ നിന്ന് സിനിമാ / തിയറ്ററുകൾ / മൾട്ടിപ്ലക്സുകളുടെ ഓഡിറ്റോറിയത്തിനുള്ളിൽ 100% ഇരിപ്പിട ശേഷി വരെ ഇരിപ്പിട ക്രമീകരണം അനുവദിക്കണമെന്നും ഐ & ബി ഉത്തരവിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയതുമുതൽ കഷ്ടപ്പെടുന്ന ചലച്ചിത്ര വിതരണക്കാരും തിയറ്റർ ഉടമകളും ഈ വാർത്തയ്ക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ്.

പ്രദര്‍ശനത്തിനിടയിലുള്ള ഇടവേളയില്‍ ഹാളിനു പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാവാതെ സൂക്ഷിക്കണം. ഇതിനായി ഇടവേളയുടെ സമ യം ദീര്‍ഘിപ്പിക്കാവുന്നതാണ്. ശീതീകരണ സംവിധാനം ഉപയോഗിക്കുമ്പോള്‍ താപനില 24–30 ഡിഗ്രിയില്‍ നിലനിര്‍ത്തണമെന്നതും പ്രധാന നിർദേശങ്ങളാണ്.

അഞ്ചാം ഘട്ട അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്. എന്നാല്‍ സിനിമാഹാളുകളില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടഞ്ഞിരുന്നു.