കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1,957 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിനായി നിരവധി പ്രഖ്യാപനങ്ങള്‍. കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനു 65,000 കോടി അനുവദിച്ചു. 600 കോടിയൂടെ മുംബൈ-കന്യാകുമാരി പാത ഉള്‍പ്പെടെയാണിത്.

റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കൊച്ചി മെട്രോ വികസനത്തിനും പ്രാധാന്യം നല്‍കിയുള്ളതാണ് കേന്ദ്ര ബജറ്റ്. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1,957 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു.

മധുര-കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗളിലെ ദേശീയപാത വികസനത്തിനും റോഡ് നിര്‍മാണത്തിനുമായി 25000 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് ദേശീയ പാത പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി.

റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

കേരളം, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബജറ്റില്‍ ഈ സംസ്ഥാനങ്ങള്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍. റോഡ് വികസനം അടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്‌തിരുന്നു.