മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കൂടും

സ്വര്‍ണത്തിനും വെള്ളിക്കും വില കുറച്ച്‌ കേന്ദ്ര ബജറ്റ്. വസ്ത്രങ്ങള്‍, ചെരുപ്പ്, അസംസ്കൃത ചെമ്ബ്, മൊബൈല്‍ ഫോണ്‍ പാര്‍ട്സുകള്‍ എന്നിവക്കും വില കുറയും. അതേസമയം മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കൂടും. മദ്യത്തിനും വില കൂടും.

ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍, അമൂല്യ കല്ലുകള്‍, രത്നങ്ങള്‍, ലെതര്‍ ഉല്‍പന്നങ്ങള്‍ എന്നിവയും വില കൂടുന്നവയില്‍ പെടും. സോളാര്‍ പാനലുകള്‍, ഇരുമ്ബ്​, ഉരുക്ക്​ ഉല്‍പന്നങ്ങള്‍, നൈലോണ്‍ തുണി എന്നിവയാണ് വില കുറയുന്ന മറ്റിനങ്ങള്‍.

ബജറ്റില്‍ ഊന്നല്‍ ആരോഗ്യ മേഖലക്ക്

ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ കേന്ദ്ര ധനമന്ത്രി നി൪മല സീതാരാമന്‍ ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 137% അധികം തുക.

ആതുരാലയങ്ങള്‍, ലാബുകള്‍ എന്നിവക്ക് ധനസഹായം, 602 ജില്ലകളിലായി തീവ്ര പരിചരണ ബ്ലോക്കുകള്‍, 15 എമ൪ജന്‍സി ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍ രണ്ട് മൊബൈല്‍ ആശുപത്രികള്‍, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 50 ആശുപത്രികളുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനായി 35000 കോടി രൂപയും വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപയും റെയില്‍വെ മന്ത്രാലയത്തിനായി ഒരു ലക്ഷത്തിന് പതിനായിരം കോടി രൂപയും ബജറ്റ് വകയിരുത്തി.

സ്വാശ്രയ ഇന്ത്യ എന്ന ആശയം മുന്‍ നി൪ത്തിയാണ് മിക്ക പദ്ധതികളും ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാ൪ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ബജറ്റെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.