സ്വകാര്യ വാഹനങ്ങള്‍ ഇനി 20 വര്‍ഷം മാത്രമേ ഉപയോഗിക്കാവൂ

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന്റെ കാലാവധി പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് പരമാവധി കാലാവധിയെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശിക്കുന്ന വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിയും ബജറ്റില്‍ അവതരിപ്പിച്ചു.

ആരോഗ്യമേഖലയുടെ സാമ്ബത്തിക വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിനായി മാത്രം 35,000 രൂപ വകമാറ്റിയതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് വിപ്ലവം സൃഷ്ടിച്ചുവെന്ന് ധനമന്ത്രി വിലയിരുത്തി. 2.87 ലക്ഷം കോടിരൂപ ജലജീവന്‍ മിഷനായി മാറ്റിവെച്ചതായും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

അതേസമയം, ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.