അരലക്ഷം പോയിന്റിലെത്താന്‍ സെന്‍സെക്‌സ്‌

മുംബൈ: ബജറ്റിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ ഇന്നും നേട്ടം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 50,000 പോയിന്റിന് അരികെയെത്തി. രണ്ടര ആയപ്പോഴേക്കും 1191 പോയിന്റുകള്‍ വര്‍ധിച്ചു.

49,334.87 എന്ന നിലയിലാണ് സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത് (1.51 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചികയും കുതിപ്പ് തുടരുന്നു.
നിഫ്റ്റി 50 സൂചിക 344.70 പോയിന്റ് ഉയര്‍ന്ന് 14,626 എന്ന നില രേഖപ്പെടുത്തി. ഇന്ന് വിപണിയില്‍ 1,027 കമ്പനികളുടെ ഓഹരികള്‍ ലാഭത്തില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. 171 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ തുടരുന്നു. 46 കമ്ബനികളുടെ ഓഹരികള്‍ക്ക് മാറ്റമില്ല.
ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപ്പിടിച്ച് മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും 1 ശതമാനത്തിലേറെ മുന്നേറ്റം കുറിച്ചത് കാണാം. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ടാറ്റ മോട്ടോര്‍സ്, എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുണ്ട്. നിഫ്റ്റിയിലെ മേഖലാ സൂചികകളെല്ലാം കുതിപ്പ് തുടരുന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫൈനാന്‍സ് സൂചികകള്‍ 2 ശതമാനത്തിലേറെയാണ് നേട്ടം കയ്യടക്കുന്നത്. ബാങ്ക് സൂചിക 1.9 ശതമാനവും ഐടി, ലോഹ സൂചികകള്‍ 1.5 ശതമാനവും വീതം മുന്നേറ്റം കാഴ്ച്ചവെക്കുന്നു.
പൊതു വിപണിയില്‍ ഇന്‍ഡിഗോ പെയിന്റ്സിന്റെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. പ്രതി ഓഹരിക്ക് 1,490 രൂപ ഇഷ്യു വില കമ്ബനി നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 20 മുതല്‍ 22 വരെയായിരുന്നു ഇന്‍ഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. ചൊവാഴ്ച്ച ഒരുപിടി കമ്ബനികള്‍ ഡിസംബര്‍ പാദത്തിലെ സാമ്ബത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നുണ്ട്. എച്ച്ഡിഎഫ്സി, ഡിക്സോണ്‍ ടെക്നോളജീസ്, ബല്‍റാംപൂര്‍ ചിനി മില്‍സ്, എസ്‌കോര്‍ട്സ്, ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് എന്നീ കമ്ബനികള്‍ ഇതില്‍പ്പെടും.
നേരത്തെ, സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകളുടെ (എസ്ജിഎക്സ് നിഫ്റ്റി) നേട്ടം ഇന്ത്യന്‍ ഓഹരി സൂചികകളുടെ കുതിപ്പിന് സൂചന നല്‍കിയിരുന്നു. എസ്ജിഎക്സ് നിഫ്റ്റി ഫ്യൂച്ചറുകള്‍ 0.78 ശതമാനം അഥവാ 112 പോയിന്റ് വര്‍ധിച്ച് 14,470 എന്ന നില രേഖപ്പെടുത്തുകയുണ്ടായി. പുത്തനുണര്‍വോടെയാണ് ഏഷ്യന്‍ കമ്പോളങ്ങള്‍ ചൊവാഴ്ച്ച വ്യാപാരം നടത്തുന്നത്.