കേരളത്തിന്‍റെ ഭരണമികവിനെ പുകഴ്ത്തി ഡോ. സൗമ്യ സ്വാമിനാഥനും നോബല്‍ ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സും


തിരുവനന്തപുരം: കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളത്തിന്‍റെ ഭരണമികവ് സുപ്രധാന പങ്ക് വഹിച്ചെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനും നോബല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘ഭാവി വീക്ഷണത്തോടെ കേരളം’ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇരുവരും.
മികച്ച രീതിയിലുള്ള ആസൂത്രണമാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ നേട്ടങ്ങളാണ് ഇവിടെയുള്ളത്. പങ്കാളിത്ത ജനാധിപത്യം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസം, ശാസ്ത്രാവബോധം എന്നിവ കേരളത്തിന്‍റെ മാതൃകാപരമായ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മിതബുദ്ധി വ്യാപകമാകുന്നതോടെ നിരവധി ദൈനംദിന തൊഴിലവസരങ്ങള്‍ ഇല്ലാതാകും. ടൂറിസം, കൃഷി, നിര്‍മ്മാണം എന്നീ മേഖലകളിലാണ് കേരളത്തിന് ഏറെ സാധ്യതയുള്ളത്. കൊവിഡ് കാലം കഴിഞ്ഞാല്‍ ടൂറിസം ശക്തമായി തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനു ശേഷമുള്ള ലോകത്തിന്‍റെ വ്യത്യസ്തതകള്‍ മനസിലാക്കി വൈവിദ്ധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളം പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
പൊതുജനാരോഗ്യത്തില്‍ ഇനിയുമേറെ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ പ്രാധാന്യമാണ് കോവിഡ് പഠിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യിലെ ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ ആരോഗ്യ വികസന മേഖലയെ ലക്ഷ്യം വച്ച് മൂന്ന് കാര്യങ്ങളാണ് നിര്‍ദേശിക്കാനുള്ളത്. കേരളത്തില്‍ വികസനമെത്താത്തതും ദാരിദ്ര്യത്തിലാണ്ടതുമായ പ്രദേശങ്ങളുണ്ട്. അവിടെ വളരെ ദുര്‍ബലരായ ആരോഗ്യസ്ഥിതിയിലുള്ള ആളുകള്‍ ഉണ്ട്. അവിടത്തെ ആരോഗ്യഫലങ്ങള്‍ മറ്റ് പ്രദേശങ്ങളെക്കാള്‍ വളരെ മോശമാണ്. ഇത് പരിഹരിക്കണം. അതുപോലെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാര്യങ്ങളെല്ലാം സുസ്ഥിരമായിരിക്കണം. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ആരോഗ്യ ആഘാതങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനം സജ്ജമായിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
ത്രിദിന സമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി, ശ്രീ എ കെ ശശീന്ദ്രന്‍, ശ്രീ ഇ ചന്ദ്രശേഖരന്‍, ശ്രീ കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഐഎഎസ്, സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി ഡോ. വേണു വി ഐഎഎസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നിലവില്‍ കേരളത്തിന്‍റെ പ്രധാന വരുമാനം ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ ശേഷിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പ്രൊഫ സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു. അത് പെട്രോളിയത്തില്‍ നിന്നുള്ള വരുമാനമാണ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ലോകത്തെമ്പാടും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമാണ് പ്രയോഗത്തില്‍ വരാന്‍ പോകുന്നത്. നിലവിലെ അവസ്ഥയില്‍ 2050 ആകുമ്പോഴേക്കും എണ്ണയെ അടിസ്ഥാനമാക്കിയുള്ള വരുമാനം കുറയും. ഈയവസരം മുന്നില്‍ക്കണ്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും സ്വന്തം വിഭവങ്ങള്‍ കണ്ടെത്തുകയുമാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന്  അദ്ദേഹം  പറഞ്ഞു. 
ടെലിമെഡിസിന്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും പുതിയ തൊഴില്‍ വൈവിദ്ധ്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ജനറിക് മരുന്നുകളുടെ ഉത്പാദനത്തില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മികച്ച പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പെഷ്യലിസ്റ്റുകളുടെ കുറവു നികത്താന്‍ ടെലിമെഡിസിന്‍ ഉപയോഗം മികച്ച ഓപ്ഷനാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. നിരീക്ഷണ സംവിധാനത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയ്ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന എപ്പിഡെമിക് ഇന്‍റലിജന്‍സ് സംവിധാനമുണ്ട്. ഇത് കൃത്രിമ ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഉയര്‍ന്ന ആരോഗ്യ സൂചകങ്ങള്‍ നേടുന്നതില്‍ കേരളം മികവ് ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും നേരിടേണ്ട വെല്ലുവിളികളും നികത്തേണ്ട വിടവുകളും ഇനിയുമുണ്ടെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
എല്ലാ പൗരന്‍മാരുടേയും താല്‍പര്യം സംരക്ഷിക്കുന്ന പുരോഗമന, ആധുനിക സമ്പദ്വ്യവസ്ഥയാക്കി കേരളത്തെ മാറ്റുന്നതിന് മികച്ച ആശയങ്ങളും മാതൃകകളും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞു. നൂതന സാങ്കേതികവിദ്യകളുടേയും കണ്ടെത്തലുകളുടേയും പിന്‍ബലത്തോടെ കേരളത്തെ ശരിയായ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ആശയങ്ങള്‍ക്കാണ് കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.