ബൈക്ക് രൂപകല്‍പന ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി റോയല്‍ എന്‍ഫീല്‍ഡ്


ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പനയ്ക്കുള്ള ആശയങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് പൊതുജനങ്ങളില്‍ നിന്ന് ക്ഷണിക്കുന്നു. കമ്പനി ഈയിടെ പുറത്തിറക്കിയ മെറ്റിയോര്‍ 350-യെ ആധാരമാക്കിയുള്ള വ്യത്യസ്ത ഡിസൈനാണ് ‘ബില്‍ഡ് യുവറോണ്‍ ലെജന്‍ഡ്’ എന്ന ക്യാംപയിനിലൂടെ റോയല്‍ എന്‍ഫീല്‍ഡ് തേടുന്നത്.
താല്‍പര്യമുള്ളവര്‍ ഡിസൈനിന്റെ സ്‌കെച്ചും അതേക്കുറിച്ചുള്ള ചെറിയൊരു വിശദീകരണവും www.royalenfield.com/in/en/byol/ എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതി. ഈ എന്‍ട്രികളില്‍ നിന്ന് മികച്ച മൂന്നെണ്ണം വിദഗ്ധരായ വിധികര്‍ത്താക്കള്‍ തെരഞ്ഞടുക്കുന്നതും വിജയികളായ മൂന്ന് പേരെയും കമ്പനിയുടെ ചെന്നൈയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലേക്ക് ക്ഷണിക്കുന്നതുമാണ്. അവിടത്തെ എന്‍ജിനീയര്‍മാര്‍ ഇവരുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാവുന്ന മോട്ടോര്‍സൈക്കിള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അവരെ സഹായിക്കും.
ഉപയോക്താക്കളുടെ അഭിരുചിക്കനുസൃതമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തികച്ചും നവീനമായ മറ്റൊരു ശ്രമമാണ് ‘ബില്‍ഡ് യുവറോണ്‍ ലെജന്‍ഡ്’ എന്ന് റോയല്‍ എന്‍ഫീല്‍ഡ് ആഗോള മാര്‍ക്കറ്റിങ് തലവന്‍ ശുഭ്രന്‍ഷു സിങ് പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ കമ്പക്കാരുടെ വരുംതലമുറ ആശയങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സവിശേഷ നീക്കമാണിതെന്ന് കസ്റ്റം പ്രോഗ്രാം തലവന്‍ ആഡ്രിയാന്‍ സെല്ലേഴ്സും അഭിപ്രായപ്പെട്ടു.