വൈവിദ്ധ്യമാര്‍ന്ന ഉത്പാദനം, മൂല്യവര്‍ധനം, വിപണനം എന്നിവയാണ് സംസ്ഥാനത്തെ കാര്‍ഷിക രംഗത്തിന്‍റെ ഭാവി: വിദഗ്ധര്‍


തിരുവനന്തപുരം: വൈവിദ്ധ്യമാര്‍ന്ന ഉത്പാദനം, മൂല്യവര്‍ധനം, വിപണനം എന്നീ നയത്തില്‍ ഊന്നിയാകണം സംസ്ഥാനത്തെ കാര്‍ഷിക രംഗം മുന്നോട്ടു പോകേണ്ടതെന്ന് കേരള ലുക്സ് അഹെഡ് സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃഷിയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, കരാര്‍ കൃഷി, സഹകരണപ്രസ്ഥാനങ്ങള്‍ തുടങ്ങി കാതലായ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ശ്രീ വി എസ് സുനില്‍കുമാറടക്കം ഏഴ് പേരാണ് പങ്കെടുത്തത്.
വിളവ് വര്‍ധിപ്പിക്കുന്നതില്‍ നവ സാങ്കേതികവിദ്യയുടെ ഉപയോഗം, കൃഷിയും സഹകരണ സംഘങ്ങളും, ആഗോള അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.
കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാക്കളുള്‍പ്പെടെ കൃഷിയിലേക്കെത്തുന്നുണ്ടെന്ന് ശ്രീ സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രധാന പോരായ്മ മൂല്യവര്‍ധിത ഉത്പാദക സംരംഭങ്ങളുടെ കുറവാണ്. കാര്‍ഷികാടിസ്ഥിത വ്യവസായങ്ങള്‍ കേരളത്തിലില്ല. കൃഷിയുടെ സമസ്ത മേഖലയിലും നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം. മൂലധന സ്വരൂപണത്തിനും കാര്‍ഷിക സഹകരണ സംഘങ്ങള്‍ വ്യാപകമാകണം.
ഭൂപരിഷ്കരണ നിയമങ്ങളില്‍ ഭംഗം വരുത്താതെ തോട്ടം മേഖലയില്‍ അന്താരാഷ്ട്ര ഡിമാന്‍റുള്ള പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യാനുള്ള സംവിധാനം വേണം. മികച്ച വരുമാനം ലഭിക്കുന്ന ഈ രീതി നിലവില്‍ വന്നാല്‍ സംരംഭകര്‍ക്ക് കാര്‍ഷിക രംഗത്ത് നിക്ഷേപം നടത്താന്‍ സാധിക്കും. പുഷ്പ കൃഷി, അലങ്കാര ഇലച്ചെടികള്‍ എന്നിവയില്‍ കേരളത്തിന് വന്‍ സാധ്യതകളാണുള്ളത്. ഇതോടൊപ്പം തേന്‍ ഉത്പാദനത്തില്‍ കേരള ബ്രാന്‍ഡ് കൊണ്ടു വരാനും സാധിക്കും. മില്‍മ മോഡലില്‍ തേന്‍ ഉത്പാദിപ്പിച്ച് സംസ്കരിച്ച വിപണനം ചെയ്യാനുള്ള സാധ്യതകളും തേടാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലടക്കം രാജ്യത്തെ കാര്‍ഷിക രംഗം നേരിടുന്ന പ്രധാന പ്രശ്നം തത്വദീക്ഷയില്ലാതെയുള്ള കീടനാശിനികളുടെ ഉപയോഗമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ത്രിലോചന്‍ മഹാപാത്ര പറഞ്ഞു. നിര്‍മ്മിത ബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ അനുപാതത്തില്‍ കീടനാശിനി പ്രയോഗം നടത്താന്‍ സാധിക്കും.
ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയടക്കം കൃഷിയില്‍ കൊണ്ടുവരാന്‍ ഭാവിയിലേക്ക് ഉറ്റുനോക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം മുന്‍കയ്യെടുക്കേണ്ടതാണ്. വെളിച്ചെണ്ണയ്ക്കപ്പുറത്തേക്ക് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാചകത്തിനും സൗന്ദര്യവര്‍ധനത്തിനുമുള്ള വെളിച്ചെണ്ണയുടെ സാധ്യതകള്‍ കേരളം മുന്‍കയ്യെടുത്ത് ലോകത്തെ ബോധവത്കരിക്കണമെന്ന് തായ്ലന്‍റിലെ ട്രോപ്പിക്കാന ഓയില്‍ കമ്പനി ബിസിനസ് ഡെവലപ്മന്‍റ് മാനേജര്‍ നഥാനായി നിനെക് പറഞ്ഞു. നാളികേര അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ മാര്‍ക്കറ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കീടനാശിനി, വളര്‍ച്ച കൂട്ടുന്നതിനുള്ള ഘടകങ്ങള്‍, മികച്ച വിളവ് തുടങ്ങിയവയില്‍ നാനോ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് കാര്‍ഷികസര്‍വകലാശാലയിലെ നാനോ വിഭാഗം മേധാവി പ്രൊഫ. കെ എസ് സുബ്രഹ്മണ്യം പറഞ്ഞു. നിലവില്‍ 14 നാനോ കൃഷി ഉത്പന്നങ്ങള്‍ സര്‍വകലാശാല പുറത്തിറക്കിയതില്‍ല്‍ രണ്ടെണ്ണം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനിതകമായി മെച്ചപ്പെടുത്തിയ കൃഷി രീതി കൊണ്ടേ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റപ്പെടൂവെന്ന് ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. കാതറീന്‍ ഹെഫ്രോണ്‍ ചൂണ്ടിക്കാട്ടി. വിത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘടകത്തില്‍ നിന്നും തൈ രൂപാന്തരപ്പെടുത്തിയെടുക്കുന്ന മോളിക്യൂലാര്‍ ബ്രീഡിംഗ്, ജനിതക എഡിറ്റിംഗ് തുടങ്ങിയവ പരീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഉത്പാദനം കൂട്ടുന്നതിനും കരാര്‍കൃഷിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് അഹമ്മദാബാദ് ഐഐഎമ്മിലെ പ്രൊഫ. സുഖ്പാല്‍ സിംഗ് പറഞ്ഞു. കരാര്‍ കൃഷി നടത്തേണ്ടത് കോര്‍പറേറ്റുകളല്ല മറിച്ച സഹകരണ സംഘങ്ങളാണ്. ഇവയെ നിയന്ത്രിക്കാനല്ല, മറിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങേണ്ടതെന്നും തായ്ലാന്‍റിന്‍റെയും തായ്വാന്‍റെയും ഉദാഹരണം മുന്‍നിറുത്തി അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് വരുമാനമുറപ്പാക്കുകയെന്നതാണ് ഭരണകൂടം ചെയ്യേണ്ടതെന്ന് ബയോ സ്വിസിന്‍റെ എംഡി ബാള്‍സ് സ്ട്രാസര്‍ പറഞ്ഞു. കൃഷിയോടൊപ്പമുള്ള ടൂറിസം സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ആര്‍ രാമകുമാര്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. ആസൂത്രണബോര്‍ഡ് കാര്‍ഷിക വിഭാഗം മേധാവി എസ് എസ് നാഗേഷ് നന്ദി അറിയിച്ചു.