വ്യത്യസ്തമായ സാമ്പത്തിക തന്ത്രത്തിലൂടെ കേരളംഭാവിയിലും വിജയിക്കും: ഡോ. അമര്‍ത്യ സെന്‍


തിരുവനന്തപുരം: യുക്തിചിന്തയും മനുഷ്യത്വവും പൊതുചര്‍ച്ചകളും ഒത്തിണങ്ങിയ  വ്യത്യസ്തമായ സാമ്പത്തിക തന്ത്രമാണ് കേരളത്തെ ഭാവിയില്‍ മുന്നോട്ടു നയിക്കാന്‍ പോകുന്നതെന്ന് നൊബെല്‍ സമ്മാന ജേതാവും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. അമര്‍ത്യ സെന്‍.

കേരളം എന്തുകൊണ്ട് ഇത്രത്തോളം വിജയിച്ചുവെന്നും വ്യത്യസ്തമായിയെന്നും അറിയാവുന്നവര്‍ക്ക് കേരളം ഭാവിയിലും വിജയിക്കുമെന്ന് വ്യക്തമാണ്. മുന്‍കാലങ്ങളില്‍ കൈവരിച്ച വിജയത്തിന്‍റെ തുടര്‍ച്ച ഭാവിയിലും ആവര്‍ത്തിക്കണമെങ്കില്‍ കേരളം തുറന്ന മനസോടെ കാര്യങ്ങളെ കാണണമെന്ന് അമര്‍ത്യ സെന്‍ നിര്‍ദ്ദേശിച്ചു.

ഭാവി വീക്ഷണത്തോടെ കേരളം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ ത്വരയുള്ള മനസുകളെ കേരളത്തില്‍ ആരും ശ്വാസം മുട്ടിക്കുന്നില്ലെന്ന് ഡോ. സെന്‍ ചൂണ്ടിക്കാട്ടി.  ഇനിയും അങ്ങനെ സംഭവിക്കുകയില്ല. നല്ല കാര്യങ്ങളാണോ തങ്ങള്‍ ചെയ്യുന്നതെന്ന് മനസു തുറന്നു ചോദിക്കാന്‍ കേരളത്തിനു കഴിയണം.  മനുഷ്യത്വത്തില്‍ ഊന്നിനിന്ന് യുക്തി ഉപയോഗിച്ച് പൊതുചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ നാം മറ്റുള്ളവരില്‍നിന്ന് പഠിക്കുകയും വ്യത്യസ്ത ചിന്താഗതിയുണ്ടെന്ന് മനസിലാക്കുകയും പരസ്പരം വിമര്‍ശിക്കുകയും ചെയ്യും.
ഭൗതികമായ സമ്പത്ത് ആര്‍ജിക്കുന്നതിനുപകരം മനുഷ്യത്വത്തില്‍ ഊന്നിനിന്ന് എത്രത്തോളം കേരളത്തിന് മുന്നോട്ടുപോകാനാവുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. സിദ്ധാന്തത്തിലെങ്കിലും ഭൗതിക സമ്പത്ത് പ്രധാനമാണ്. പക്ഷേ അത് ആര്‍ജിച്ചെടുക്കുന്നതില്‍ മനുഷ്യാധ്വാനം, ഉല്പാദന തോത്, പരിശീലനം, പഠനം, പ്രവൃത്തിയിലൂടെയും പഠനത്തിലൂടെയും ലഭിക്കുന്ന സൈപുണ്യം എന്നിവയ്ക്ക് പ്രധാന്യമുണ്ട്. അത് സാമ്പത്തികശാസ്ത്രം മനസിലാക്കുന്നതില്‍ മുഖ്യവുമാണ്. കേരളത്തിന്‍റെ രൂപീകരണത്തിനു ഹേതുവായ രണ്ട് നാട്ടുരാജ്യങ്ങില്‍ മിഷനറിമാരും രാജഭരണവും വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യയില്‍ സാക്ഷരത 13 ശതമാനമായിരുന്നെങ്കില്‍ കേരളത്തില്‍ 50 ശതമാനമായിരുന്നു. അന്‍പതിലെത്തിയാല്‍ പിന്നെ നൂറുശതമാനം എന്ന ലക്ഷ്യം പ്രയാസമല്ല.

വ്യവസായം, കൃഷി, ഉല്പാദനം എന്നിവയും ഇതെല്ലാം വന്‍തോതിലാണോ ചെറിയ തോതിലാണോ  എന്നിങ്ങനെയുമൊക്കെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍റെ പതിവ് ചിന്തകളല്ല കേരളത്തില്‍ പിന്തുടരുന്നത്. പക്ഷേ അതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന യുക്തിചിന്തയും വിചാരധാരകളുമാണ് കേരളത്തിലുള്ളത്. പഠനം, പ്രവൃത്തി, ചര്‍ച്ച എന്നിവയില്‍നിന്ന് ഉരുത്തിരിഞ്ഞ നൈപുണ്യവും പ്രവര്‍ത്തന രീതികളുമാണ് ഇതിന്‍റെ അടിസ്ഥാനമെന്ന് അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടി.

മനുഷ്യാധ്വാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഭാവിപരിപാടികളാണ് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ കാലം മുതല്‍ കേരളം അനുവര്‍ത്തിച്ചിരുന്നത്. അന്നുമുതല്‍ തന്നെ കേരളം ഭാവിയിലേയ്ക്ക് ഉറ്റുനോക്കിയിരുന്നു. ദരിദ്ര സംസ്ഥാനമായിരുന്നതുകൊണ്ട് കേരളം സാര്‍വത്രികമായ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ നേടിയെടുക്കാനാവില്ലെന്ന് ചിന്തിച്ചിരുന്നവരുമായി താന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പക്ഷേ കേരളത്തില്‍ ചെലവു കുറഞ്ഞ ഗുണനിലവാരമുള്ള തൊഴില്‍ശക്തിയുണ്ടെന്ന് താന്‍ അവരോടു  പറഞ്ഞിരുന്നു.

രണ്ടു പതിറ്റാണ്ടു കഴിഞ്ഞില്ല, ആ ശേഷിയുപയോഗിച്ച് ആളോഹരി വ്യയത്തില്‍ കേരളം ഏറ്റവും ഉയര്‍ന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നായി. അതിനെക്കുറിച്ച് കണക്കുകളുണ്ടായിരുന്നു, പക്ഷേ അത് ആളോഹരി വരുമാനത്തിലേയ്ക്ക് നയിക്കുന്ന കണക്കുകൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഉറപ്പായും പറയാം, ആളോഹരി വരുമാനമനുസരിച്ചാണെങ്കില്‍ കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്.

മനുഷ്യാധ്വാനമുപയോഗിച്ചാണ് ജപ്പാനും ജര്‍മനിയുമൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്തത്. ജപ്പാന്‍കാര്‍ക്ക് ആദ്യം വലിയ വിദ്യാഭ്യാസമില്ലായിരുന്നു. അത് മനസിലാക്കി 40 വര്‍ഷം കൊണ്ട് അവര്‍ സമ്പൂര്‍ണമായും അഭ്യസ്തവിദ്യരായി. പിന്നീട് സാര്‍വത്രികമായ ആരോഗ്യം എന്ന ലക്ഷ്യവും കൈവരിച്ചു. ഇത് മാര്‍ക്സിയന്‍ ചിന്താഗതിയല്ല. പക്ഷേ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മാര്‍ക്സിയന്‍ ചിന്താഗതി ശക്തമാണ്.