എസ്.ബി.ഐയില്‍ നിക്ഷേപം വര്‍ധിച്ചു; 35.35 ലക്ഷം കോടി രൂപയുടെ നിക്ഷേപം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യില്‍ നിക്ഷേപം വര്‍ധിച്ചു. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് എസ്ബിഐയുടെ നിക്ഷേപത്തുക 13.64 ശതമാനമാണ് വര്‍ധിച്ചത്. ഡിസംബറിലെ കണക്കുപ്രകാരം 35.35 ലക്ഷം കോടി രൂപ എസ്ബിഐയില്‍ നിക്ഷേപങ്ങളായുണ്ട്. വായ്പയുടെ കാര്യത്തിലും എസ്ബിഐ വളര്‍ച്ച കുറിച്ചു.

അതേസമയം ഡിസംബര്‍ പാദത്തില്‍ അറ്റാദായം 6.93 ശതമാനം കുറഞ്ഞു. ഒക്ടോബര്‍ – നവംബര്‍ കാലയളവില്‍ എസ്ബിഐയുടെ അറ്റാദായം 6.93 ശതമാനം ഇടിഞ്ഞ് 5,196 കോടി രൂപയിലെത്തി. 2019 ഡിസംബര്‍ പാദത്തില്‍ 5,583 കോടി രൂപയായിരുന്നു എസ്ബിഐ അറ്റാദായം പിടിച്ചത്. പലിശ വരുമാനത്തിലെ വളര്‍ച്ച കുറഞ്ഞതും ബാധ്യതകള്‍ക്കായുള്ള നീക്കിയിരുപ്പ് വര്‍ധിച്ചതും ഡിസംബര്‍ പാദത്തില്‍ എസ്ബിഐക്ക് തിരിച്ചടിയായി.

4,039 കോടി രൂപയാണ് ബാങ്ക് പലിശ വരുമാനം കുറിച്ചത്. ഇതേസമയം, എസ്ബിഐയുടെ കഴിഞ്ഞ പാദത്തിലെ മൊത്തം പലിശ വരുമാനം 3.75 ശതമാനം വര്‍ധിച്ച്‌ 28,820 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മൊത്തം പലിശ മാര്‍ജിന്‍ 3.59 ശതമാനത്തില്‍ നിന്നും 3.34 ശതമാനമായി കുറഞ്ഞു.

ബാധ്യതകള്‍ ഒടുക്കാനുള്ള നീക്കിയിരുപ്പ് തുക 7,252 കോടി രൂപയില്‍ നിന്നും 10,342 കോടി രൂപയായി വര്‍ധിച്ചതും കാണാം. ഡിസംബര്‍ പാദത്തോടെ 24.56 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചത്. നടപ്പു സാമ്ബത്തികവര്‍ഷം 7 ശതമാനത്തോളം വായ്പാ വളര്‍ച്ചയാണ് എസ്ബിഐ പ്രവചിക്കുന്നത്. നേരത്തെ, ഇത് 8 ശതമാനമായിരുന്നു. സാമ്ബത്തിക ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എസ്ബിഐ ഓഹരികള്‍ 5.73 ശതമാനം നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. നിലവില്‍ 355.1 രൂപയാണ് എസ്ബിഐ ഓഹരിയൊന്നിന് ബിഎസ്‌ഇ സൂചികയില്‍ വില.

നേരത്തെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്സി ബാങ്കും ഡിസംബര്‍ പാദത്തിലെ സാമ്ബത്തിക ഫലം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ – നവംബര്‍ കാലയളവില്‍ 8.758.3 കോടി രൂപ അറ്റാദായമാണ് എച്ച്‌ഡിഎഫ്സി ബാങ്ക് മാത്രം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി.