ഐടി വ്യവസായത്തില്‍ വമ്പിച്ച കുതിച്ചു ചാട്ടവുമായി കോഴിക്കോട് സൈബര്‍ പാര്‍ക്ക്


കോഴിക്കോട്: കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഐടി വ്യവസായത്തില്‍ വമ്പിച്ച കുതിച്ചു ചാട്ടവുമായി കോഴിക്കോട് സൈബര്‍ പാര്‍ക്ക്. ഐടി സ്ഥലം, കമ്പനികളുടെ എണ്ണം, ജീവനക്കാര്‍, എന്നിവയില്‍ ഒമ്പത് ഇരട്ടി വര്‍ധനയാണ് ഈ കാലയളവില്‍ സൈബര്‍ പാര്‍ക്ക് നേടിയത്.


മലബാറിന്‍റെ സ്റ്റാര്‍ട്ടപ്പ്, സോഫ്റ്റ്വെയര്‍ സംരംഭ സ്വപ്നങ്ങള്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് നല്‍കിയ സഹായം കഴിഞ്ഞ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ മനസിലാകും. 2017 ല്‍ കേവലം നാല് കമ്പനികള്‍ മാത്രമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്നുള്ളത് 113 കമ്പനികളാണ്.
2017-18 ല്‍ സൈബര്‍ പാര്‍ക്കിലെ എട്ട് ശതമാനം തൊഴിലിടത്തില്‍ മാത്രമാണ് ഐടി കമ്പനികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2020-21 ആകുമ്പോള്‍ അത് 73 ശതമാനമായിരിക്കുന്നു. കൊവിഡ് പ്രതിസന്ധിയുടെ കാലത്തും സൈബര്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 25 കമ്പനികളാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്.


2017-18 ല്‍ ആറ് കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2020-21 ആകുമ്പോള്‍ അത് 57 കമ്പനികളായി ഉയര്‍ന്നു. ആപ്മൊബൈല്‍ 10 എക്സിന്‍റെ മികവിന്‍റെ കേന്ദ്രത്തിലേത് കൂടി കണക്കാക്കുമ്പോള്‍ 113 കമ്പനികളാണ് സൈബര്‍പാര്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്.   2017-18 ല്‍ 107 പേര്‍ക്കാണ് സൈബര്‍പാര്‍ക്കിലെ കമ്പനികളിലൂടെ തൊഴില്‍ ലഭിച്ചിരുന്നതെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അത് 850 ന് മേലാണ്. നാല് വര്‍ഷം മുമ്പ് 3,01,71390 കോടി രൂപയുടെ സോഫ്റ്റ് വെയര്‍ കയറ്റുമതിയാണ് നടന്നിരുന്നതെങ്കില്‍ 2019-20 ല്‍ അത് 14,76,10,856 കോടി രൂപയാണ്.

 
സൈബര്‍പാര്‍ക്കിലെ വലിയ ജോലി സ്ഥലങ്ങള്‍ ചെറിയ ഇടങ്ങളാക്കി മാറ്റാനും അത് കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കാനുമുള്ള തീരുമാനമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍  മുന്‍ ജനറല്‍ മാനേജര്‍ നിരീഷ് സി പറഞ്ഞു. ഇവിടുത്ത കമ്പനികളും ജീവനക്കാരുമാണ് സൈബര്‍പാര്‍ക്കിന്‍റെ ബ്രാന്‍ഡ് അമ്പാസഡര്‍മാര്‍. ഓഫീസ് ഇടങ്ങള്‍ക്ക് വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും നിരീഷ് സി പറഞ്ഞു.


കൊവിഡ് കാലത്ത് സ്റ്റാര്‍ട്ടപ്പ് ഐടി കമ്പനികള്‍ക്ക് സൈബര്‍ പാര്‍ക്ക് നല്‍കിയ പിന്തുണ സ്തുത്യര്‍ഹമാണെന്ന് കാലിക്കറ്റ് ഫോറം  ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി പറഞ്ഞു. ആവശ്യക്കാര്‍ കൂടുന്നതിനാല്‍ പുതിയ കെട്ടിടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


മലബാറിന്‍റെ സാഹചര്യം മനസിലാക്കി സൈബര്‍ പാര്‍ക്ക് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിനു പിന്നില്‍. വാം ഷെല്‍ വിഭാഗത്തില്‍ പെടുന്ന യൂണിറ്റുകള്‍ക്ക് സൈബര്‍ പാര്‍ക്കില്‍ ഇടം നല്‍കി. ബേസ്മെന്‍റിലെ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം സ്മാര്‍ട്ട് ബിസിനസ് സെന്‍ററാക്കി മാറ്റി. 500 മുതല്‍ 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യൂണിറ്റുകളാക്കി ഇതിനെ തിരിച്ചു. 10 മുതല്‍ 70 സീറ്റുകള്‍ വരെ കൈകാര്യം ചെയ്യാവുന്ന ചെറുകമ്പനികള്‍ക്ക് ഏറ്റവും യോജിച്ച സ്ഥലമായി ഇത് മാറി.  മാര്‍ച്ച് ആകുമ്പോഴേക്കും 31 കമ്പനികള്‍ ഇവിടെ സ്ഥലം നല്‍കാനാകും.


കേരളത്തില്‍ നിന്നുള്ള ഉത്പന്നാധിഷ്ഠിത ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്‍റെ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സാമ്പത്തിക സഹായവും ലഭിക്കും.