കേരളത്തിലും 12,513 രൂപ നൽകി കാറുകൾ പാട്ടത്തിനെടുക്കാം

കൊച്ചി: രാജ്യത്തെ പ്രമുഖ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുകി തങ്ങളുടെ ലീസിംഗ് സേവനം കൊച്ചിയിലേക്കു കൂടി വ്യാപിച്ചു. എ എൽ ഡി ഓട്ടോമാട്ടീവ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി വഴി ഉപഭോക്താക്കൾക്ക് ഇനി മുതൽ പ്രതിമാസ വാടക വ്യവസ്ഥയിൽ വണ്ടി കരസ്ഥമാക്കാനാവും. മാരുതി സുസുകി സബ്സ്ക്രൈബ് ഓഫർ കൊച്ചിക്കു പുറമെ, ഡൽഹി, ബെംഗളുരു, ഹൈദരാബാദ്, പൂനെ, മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളിലും ലഭ്യമാണ്.

മാരുതിയുടെ വിവിധ കാർ മോഡലുകളായ വാഗൺ ആർ, സ്വിഫ്റ്റ്, ഡിസൈർ, വിറ്റാര ബ്രസ, എർടിഗ, അറീന, ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ് എൽ എക്സ്, എക്സ്ക്രോസ് മോഡലുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരെഞ്ഞെടുക്കാനാകും. കൂടാതെ, പുതിയ സബ്സ്ക്രിപ്ഷ൯ പദ്ധതി വർഷത്തിൽ 10,000, 15,000, 20,000, 25,000 കിലോ മീറ്റർ എന്ന രീതിയിലും 12, 24, 36, 48 മാസം കാലാവധി എന്ന രീതിയിലും ലഭ്യമാണ്.

കൊച്ചിയിലെ ഉപഭോക്താക്കൾക്ക് 48 മാസത്തേക്ക് വാഗൺ ആർ മോഡലുകൾക്ക് പ്രതിമാസം ₹12,513 രൂപയാണ് വാടക. അതെ സമയം ഇഗ്നിസ് മോഡലിന്റെ വാടക ₹13,324 രൂപയും. എ എൽ ഡി ഓട്ടോമാട്ടീവിനു പുറമെ, ഒറിക്സ് ഓട്ടോ ഇ൯ഫ്രാസ്ട്രക്ച്ചർ സർവീസസ്, മൈൽസ് ഓട്ടോമോട്ടീവ് ടെക്നോളജീസ് എന്നീ കമ്പനികളാണ് സബ്സ്ക്രിപ്ഷ൯ പദ്ധതിയിലെ മാരുതിയുടെ പങ്കാളികൾ.

ഈ പദ്ധതി അനുസരിച്ച് നിർദ്ധിഷ്ട കാലാവധി പൂർത്തിയാവുന്ന അവസരത്തിൽ ഉപഭോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകൾ നൽക്കും. ഒന്നുകിൽ നിലവിലെ പദ്ധതി നീട്ടാം, അല്ലെങ്കിൽ മുന്തിയ മറ്റൊരു കാർ തെരെഞ്ഞെടുക്കാം. കൂടാതെ, മാർക്കറ്റ് വിലയനുസരിച്ച് ആ കാർ വാങ്ങാനുള്ള ഓപ്ഷനും ലഭ്യമാണ്.

മാരുതിയുടെ പുതിയ സബ്സ്ക്രിപ്ഷ൯ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാർക്കറ്റിംഗ്, സെയ്ൽസ് എക്സിക്കുട്ടിവ് ഡയറക്ടറായ ശശാംഗ് ശ്രീവാസ്തവ പറയുന്നു. കഴിഞ്ഞ മാസങ്ങളിൽ ഏകദേശം 15,500 ലധികം പേർ ഈ ഓഫറിനെ കുറിച്ചറിയാ൯ മാരുതിയെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഓഫർ കാറുകളുടെ മെയ്ന്റന൯സും, ഇരുപത്തിനാലു മണിക്കൂർ ഓൺ റോഡ് സേവനങ്ങളും ഉൾക്കൊള്ളുന്നത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.