കോവിഡ് കാലത്ത്‌ ടിവി പരസ്യത്തില്‍ 23 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ടെലിവിഷന്‍ പരസ്യത്തില്‍ 2020 വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷത്തെ ജനുവരി മാസം വലിയ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. 23 ശതമാനം വളര്‍ച്ചയുണ്ടായതായാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സില്‍ ഡാറ്റ (ബാര്‍ക്) വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വളര്‍ച്ചയാണിത്. 2019 ജനുവരി മാസത്തേക്കാള്‍ 19 ശതമാനം അധികമാണ് 2021ല്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച. കുട്ടികളുടെ കാറ്റഗറിയിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായിരിക്കുന്നത്. 35 ശതമാനമാണ് ഈ വിഭാഗത്തിലെ വളര്‍ച്ച. സംഗീത കാറ്റഗറിയില്‍ 31 ശതമാനവും സിനിമ കാറ്റഗറിയില്‍ 28 ശതമാനവും ജിഇസി വിഭാഗത്തില്‍ 23 ശതമാനവും വാര്‍ത്താ വിഭാഗത്തില്‍ 18 ശതമാനവും വര്‍ധനവുണ്ടായി.

2020 ജനുവരിയില്‍ നാല് ശതമാനം ഇടിവാണ് ടെലിവിഷന്‍ പരസ്യത്തില്‍ രേഖപ്പെടുത്തിയത്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ ടെലിവിഷനുകളിലെ പരസ്യത്തിന്റെ തോത് മൂന്ന് ശതമാനം ഇടിഞ്ഞെന്നായിരുന്നു ഈയിടെ ബാര്‍ക് തന്നെ പുറത്തുവിട്ട കണക്ക്. ആദ്യത്തെ ആറ് വര്‍ഷം 12 ശതമാനം വളര്‍ച്ച നേടിയെങ്കിലും പിന്നീടുള്ള ആറ് മാസം കൊണ്ട് 18 ശതമാനം ഇടിഞ്ഞ് മൂന്ന് ശതമാനത്തോളം താഴേക്ക് പോവുകയായിരുന്നു