ടെക്നോസിറ്റിയിലെ ‘കബനി’ കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിച്ചു

നൂതന ഐ.ടി സംരംഭങ്ങള്‍ തദ്ദേശീയര്‍ക്കും തൊഴിലവസരം ഒരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  നൂതന ഐ.ടി സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതോടെ തദ്ദേശീയര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലെ അത്യാധുനിക ഐടി സമുച്ചയമായ ‘കബനി’യുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് തൊഴില്‍ നല്‍കുന്ന സ്ഥാപനം ഒരിടത്തു വന്നാല്‍ പ്രാദേശികമായ തൊഴിലവസരവും വികസനവും സാധ്യമാകും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴിലവസരങ്ങളെ പരിഗണിച്ചു കൊണ്ടുള്ളതായിരിക്കും ഈ വികസനം. പ്രത്യക്ഷവും പരോക്ഷവുമായ ഈ തൊഴിലവസരങ്ങള്‍ പ്രാദേശികമായി ആയിരക്കണക്കിനാളുകള്‍ക്കാണ് ലഭിക്കാന്‍ പോകുന്നത്. ചെറുപ്പക്കാരുടെ നൈപുണ്യ വികസനം നല്‍കുന്നതിനായുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. വിജ്ഞാനാധിഷ്ഠിത സമൂഹമായി കേരളത്തെ മാറ്റാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധമായ നീക്കത്തില്‍ ഇത് കൂടുതല്‍ സഹായകമാകും.

ടെക്നോസിറ്റിയില്‍ സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളും പദ്ധതികളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ദേശീയ, അന്തര്‍ദേശീയ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് നമ്മുടെ ഐ.ടി ആവാസവ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നത്. ഐ.ടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. അതിനാവശ്യമായ രീതിയിലുള്ള വിഹിതം ഉറപ്പുവരുത്താനുള്ള നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

കേരളത്തിന്‍റെ ഇലക്ടോണിക്സ് – വിവര സാങ്കേതികവിദ്യാ വ്യവസായ രംഗത്ത് ഏറ്റവും വലിയ കാല്‍വയ്പാണ് ടെക്നോസിറ്റിയുടെ “കബനി” നാടിന് സമര്‍പ്പിക്കുന്നതിലൂടെ കൈവരിക്കുന്നതെന്ന് ചടങ്ങിന് ആശംസയറിച്ചുകൊണ്ട് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ മൂന്ന് പതിറ്റാണ്ട് കാലത്തെ നേട്ടങ്ങളുടെ ചരിത്രത്തില്‍ ടെക്നോസിറ്റി തിളക്കമാര്‍ന്നൊരു അദ്ധ്യായമാണ്. ടെക്നോസിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോക ഐടി വ്യവസായ മേഖലയില്‍ പള്ളിപ്പുറം ഇടം നേടും. ഈ പ്രദേശത്തിന്‍റെ സാമൂഹിക സാമ്പത്തിക വികാസത്തിന് ഇത് കരുത്തേകും. പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്നു എന്നത് മാത്രമല്ല, പ്രാദേശികമായി ചെറുകിട ഇടത്തരം വ്യാപാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നു. റോഡ്, വൈദ്യുതി, വാര്‍ത്താവിതരണം ഉള്‍പ്പെടെയുള്ള പ്രദേശത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വേഗതകൂട്ടും. നാടിന്‍റെ വികസന പ്രക്രിയയില്‍ ഇലക്ട്രോണിക്സ്, ഐടി വ്യവസായ മേഖലയുടെ പങ്ക് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുവാന്‍ നമുക്കാകണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ശ്രീ. സി ദിവാകരന്‍ എംഎല്‍എ ‘കബനി’യുടെ ഉദ്ഘാടന ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഡി.സുരേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.ഹരികുമാര്‍, ജനപ്രതിനിധികളായ ശ്രീമതി. ഉനൈസ അന്‍സാരി, ശ്രീമതി. അനിതകുമാരി ഡി., ശ്രീമതി.അര്‍ച്ചന ആര്‍., ഐടി- ഇലക്ട്രോണിക്സ് വകുപ്പ് അഡിഷണല്‍ സെക്രട്ടറി ശ്രീ. കെ മുഹമ്മദ് വൈ. സഫൈറുള്ള, കേരള ഐടി പാര്‍ക്ക്സ് സിഇഒ ശ്രീ ശശി പീലാച്ചേരി മീത്തല്‍ എന്നിവര്‍ പങ്കെടുത്തു.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ പണിത കബനി കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി (കെ.എസ്.ഐടി.എല്‍) നായിരുന്നു.

കബനിയുടെ ഉദ്ഘാടനത്തോടെ ടെക്നോപാര്‍ക്കിലെ നിലവിലുള്ള 100 ലക്ഷം ചതുരശ്രയടി നിര്‍മ്മിത സ്ഥലത്തോടൊപ്പം 2 ലക്ഷം ചതുരശ്രയടിയും കൂട്ടിച്ചേര്‍ക്കപ്പെടും. ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ടമായി വിഭാവനം ചെയ്തിരിക്കുന്ന 2000 ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെക്നോസിറ്റിയില്‍ പ്രമുഖ ആഗോള, ഇന്ത്യന്‍ കമ്പനികളാണ് ബിസിനസ് ആരംഭിക്കുക. 2017 ഒക്ടോബര്‍ 27 ന് സംയോജിത ടൗണ്‍ഷിപ്പ് പദ്ധതിയായി തുടങ്ങിയ പുതിയ ഐടി കെട്ടിടത്തില്‍ ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളാണ് പ്രവര്‍ത്തിക്കുക.

ടെക്നോസിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സണ്‍ടെക്കിന്‍റെ പുതിയ കാമ്പസ് പ്രവര്‍ത്തനസജ്ജമായി. ടിസിഎസ്, ബ്രിഗേഡ് ഗ്രൂപ്പിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നിവയുടെ അത്യാധുനിക കാമ്പസുകളും ടെക്നോസിറ്റിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തെ ബഹിരാകാശ മേഖലയില്‍ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്ന സ്പേയ്സ് പാര്‍ക്ക് പദ്ധതിയും ടെക്നോസിറ്റിയില്‍ വരുന്നുണ്ട്.

സമുച്ചയത്തിന്‍റെ താഴത്തെ നിലയില്‍ 10 മുതല്‍ 37 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരവുമായ പ്ലഗ് ആന്‍ഡ് പ്ലേ മാതൃകയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ മൊഡ്യൂളിലും  മാനേജര്‍ ക്യാബിന്‍, ഡിസ്ക്കഷന്‍ റൂം, സെര്‍വര്‍ റൂം, വിപുലീകരിക്കുവുന്ന പ്രവര്‍ത്തന ഇടം എന്നിവയുണ്ട്. 27 സീറ്റുകളുള്ള മൊഡ്യൂളുകള്‍ക്ക് 1800 ചതുരശ്രയടി വിസ്തീര്‍ണവും 10 സീറ്റുകളുള്ള മൊഡ്യൂളിന് 1100 ചതുരശ്രയടി വിസ്തീര്‍ണവുമുണ്ട്. ബെയ്സ്മെന്‍റ് പാര്‍ക്കിംഗ് ഏരിയയില്‍ 74 കാറുകളും 228 മോട്ടോര്‍സൈക്കിളും പാര്‍ക്ക് ചെയ്യാനാകും. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇരുപതോളം ഐടി കമ്പനികള്‍ പുതിയ കെട്ടിടത്തില്‍ ഓഫീസ് ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.