പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു; പാചകവാതക വിലയും കൂടി

കൊച്ചി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വര്‍ധിച്ചു.

ഈ വര്‍ഷം ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.

2018 ഒക്ടോബര്‍ നാലിനാണ് മുമ്ബ് വില ഇത്രത്തോളം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറില്‍ താഴെയാണ്.

രാജ്യത്ത് ഇന്ധന വിലയ്ക്ക് പുറമേ പാചകവാതക വിലയും കൂടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം. പുതുക്കിയ വില ഇന്നു മുതല്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വര്‍ധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15-ന് വീണ്ടും 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 726 ആയി ഉയര്‍ന്നു.