റിയൽമി X7 പ്രോ വിപണിയിൽ; വില 19,999 രൂപ മുതൽ

ന്യൂഡല്‍ഹി: റിയൽമി X7 5ജി രാജ്യത്തെ വിപണിയിലെത്തി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന റിയൽമി X7-ന് യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് വില.

8 ജിബി റാം+ 128 ജിബി സ്റ്റോറേജ് പതിപ്പിൽ മാത്രം ലഭ്യമായ റിയൽമി X7 പ്രോ പതിപ്പിന് 29,999 രൂപയാണ് വില. നെബുല, സ്പേസ് സിൽവർ എന്നീ നിറങ്ങളിൽ വാങ്ങാവുന്ന റിയൽമി X7 5ജിയുടെ വില്പന ഈ മാസം 12-ാം തിയതി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി വെബ്‌സൈറ്റുകൾ മുഖേന ആരംഭിക്കും. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന പ്രോ പതിപ്പിന്റെ വില്പന മാസം 10-ാം തിയതി മുതൽ ആരംഭിക്കും.

ലോഞ്ചിന്റെ ഭാഗമായി ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി X7 ഫോണുകൾ വാങ്ങുമ്പോൾ 2,000 രൂപയുടെ ക്യാഷ്ബാക്കും, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ക്യാഷ്ബാക്കും റിയൽമി പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് ആണ് മറ്റൊരു രസകരമായ ഓഫർ. റിയൽമി X7 ഫോണുകൾ 70 ശതമാനം വിലയ്ക്ക് വാങ്ങാനും ബാക്കി ഒരു വർഷത്തിന് നൽകാനുമുള്ള അവസരമാണ് ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് ഒരുക്കുന്നത്. ഇത് താത്കാലികമായി റിയൽമി X7 5ജിയുടെ 6 ജിബി + 128 ജിബി വേരിയന്റിന് 13,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 15,399 രൂപയുമാക്കി കുറക്കുന്നു. 20,999 രൂപയായി റിയൽമി X7 പ്രോ 5ജിയുടെ വിലയും കുറയും.