റെയില്‍വെ വരുമാനത്തില്‍ 36993 കോടി രൂപയുടെ ഇടിവ്

ന്യൂഡല്‍ഹി: റെയില്‍വെ വരുമാനം കുത്തനെ ഇടിഞ്ഞു. 2020 ലെ വരുമാനത്തില്‍ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്. കൊവിഡ് 19 മഹാമാരി വരുത്തിവെച്ചതാണ് ഈ നഷ്ടമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പാര്‍ലമെന്റില്‍ കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്.

നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ 2019-20 കാലത്തെ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ ഇടിവ് കണ്ടത്. ഇതില്‍ 32768 കോടി രൂപയും ടിക്കറ്റ് വരുമാനത്തിലുണ്ടായ കുറവാണ്. സോണല്‍ റെയില്‍വെകള്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ വിശദമായ കണക്കും മന്ത്രി പാര്‍ലമെന്റില്‍ വെച്ചു.

കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി വലിയ മുന്‍കരുതലാണ് റെയില്‍വെ സ്വീകരിച്ചത്. റെയില്‍വെ സര്‍വീസുകള്‍ വെടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.