സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഡെവലപ്പിംഗ് സേവനങ്ങള്‍ ലളിതമാക്കാന്‍ ജിഗ്സ്ബോര്‍ഡ്


കൊച്ചി: സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വ്യാപകമായി പുറംജോലിക്കായി നല്‍കുന്ന ഇക്കാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ് സേവനങ്ങള്‍ ലളിതമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. ഫ്രീലാന്‍സ് ടീംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ജിഗ്സ്ബോര്‍ഡ് എന്ന സംവിധാനത്തിലൂടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ കൂടുതല്‍ ലളിതമാകും.
സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വന്‍കിട കമ്പനികള്‍ വഴി പുറംജോലി കരാര്‍ നല്‍കുന്നതിനു പുറമേ ഇത്തരം സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ചെയ്തു കൊടുക്കുന്ന നിരവധി വ്യക്തികളും ചെറുകൂട്ടായ്മകളും ഇന്ന് സൈബര്‍ ലോകത്ത് നിലവിലുണ്ട്. ഇത്തരം സ്വതന്ത്ര ഡെവലപര്‍മാരെ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകളും ഇന്ന് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ രംഗത്തെ വിശ്വാസ്യത ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായതിനാല്‍ ഇത്തരം സേവനങ്ങളെ ഉപഭോക്താവിനും സ്വതന്ത്ര ഡെവലപര്‍മാര്‍ക്കും ഒരു പോലെ ഗുണം ലഭിക്കുന്ന സംവിധാനത്തിലേക്കെത്തിക്കുകയാണ് ജിഗ്സ്ബോര്‍ഡ്.
ഏല്‍പ്പിച്ചു നല്‍കുന്ന സേവനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തിയാക്കല്‍, പ്രതിഫലം നല്‍കല്‍, ജോലിയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി എന്നിവ കരാറില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ഒരു പോലെ ജിഗ്സ് ബോര്‍ഡില്‍ ലഭ്യമാകുമെന്ന് കമ്പനിയുടെ സിഇഒ സുജിത് ഭാസ്കരന്‍ പറഞ്ഞു. ഉപഭോക്താവിനും ഡെവലപ്പര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഈ സംവിധാനം. പൂര്‍ത്തിയായ ഘട്ടങ്ങളുടെ പ്രതിഫലം അപ്പപ്പോള്‍ ഡെവലപ്പര്‍ക്ക് ലഭിക്കും. ജോലിയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താവ് സംതൃപ്തിയറിയിക്കുന്ന മുറയ്ക്ക് പ്രതിഫലം ലഭിക്കുന്ന രീതിയാണ് ജിഗ്സ്ബോര്‍ഡിനുള്ളത്. ഇതു വഴി മികച്ച സേവനവും പ്രതിഫലവും ഇരുവര്‍ക്കും ലഭിക്കുമെന്നതും ഇതിന്‍റെ ഗുണമാണ്.
കൊവിഡ് കാലത്ത് നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. ഇതില്‍ പലരും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള തീരുമാനമെടുക്കുന്നു. ഇവര്‍ക്ക് ആദ്യമായി ഈ രംഗത്തേക്കിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപരിചിതത്വം ജിഗ്സ് ബോര്‍ഡ് സംവിധാനത്തിലുണ്ടാകുന്നില്ല. മാത്രമല്ല, സ്വന്തം സൗകര്യാര്‍ത്ഥം ജോലി ചെയ്താല്‍ മതിയെന്നതിനാല്‍ പ്രസവാവധി, ശിശുപരിചരണം പോലുള്ള അസൗകര്യങ്ങള്‍ മറികടന്നും സോഫ്റ്റ്വെയര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ നൈപുണ്യവും പരിചയസമ്പന്നതയും നഷ്ടമാകാതെ നോക്കാനാകും.
തുടക്കത്തിലെങ്കിലും കൂടുതല്‍ ജീവനക്കാരെ വയ്ക്കാതെ മുന്നോട്ടു പോകാനാഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകും ജിഗ്സ്ബോര്‍ഡ്.  ചെലവ് കുറച്ച് മികച്ച ഗുണനിലവാരത്തോടെയും ഈ സേവനങ്ങള്‍ നല്‍കാനാകുമെന്നതും മേډയാണ്.
ഫെബ്രുവരി 8 ന് ജിഗ്സ്ബോര്‍ഡിന്‍റെ സേവനങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തിറക്കും. മാര്‍ച്ചില്‍ രണ്ടാം ഘട്ടവും, മേയില്‍ ആഗോള യൂസര്‍മാര്‍ക്കായുള്ള ആമുഖവും നല്‍കും. ഈ വര്‍ഷം തന്നെ ജൂലായ് ആദ്യവാരത്തില്‍ ആഗോളതലത്തില്‍ ജിഗ്സ്ബോര്‍ഡ് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.