നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപ്പോ നാല് ശതമാനവും റിവേഴ്‌സ്‌ റിപ്പോ 3.35 ശതമാനവുമായി നിലനിര്‍ത്താന്‍ വായ്പാ അവലോകനയോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനം വര്‍ധിക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഗവര്‍ണര്‍ ശക്തികാന്ദ ദാസ് അധ്യക്ഷനായ ആറംഗ വായ്പാ അവലോകന കമ്മിറ്റിയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിര്‍ത്താനുള്ള നിര്‍ണായകമായ തീരുമാനമെടുത്തത്.

ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. മറിച്ച് റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശയാണ് റിവേഴ്‌സ് റിപ്പോ.

ബജറ്റ് അവതരണത്തിനുശേഷം നടക്കുന്ന ആദ്യ വായ്പാ അവലോകന യോഗമാണ് ഇന്ന് നടന്നത്.

ബജറ്റില്‍ 14.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.