വനിതകള്‍ സ്ഥാപകരോ സഹസ്ഥാപകരോ ആയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 24 ശതമാനം കുറഞ്ഞു

കോഴിക്കോട്: കൊവിഡ് കാലത്ത് സംസ്ഥാനത്തെ വനിത സംരംഭങ്ങള്‍ വലിയ തോതില്‍ നിക്ഷേപം കുറഞ്ഞു വരുന്നത് ഫെബ്രുവരി 11 മുതല്‍ 13 വരെ കോഴിക്കോട് നടക്കുന്ന ലിംഗ സമത്വത്തെക്കുറിച്ചുള്ള രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം(ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇ ക്വാളിറ്റി- ഐസിജിഇ 2) ചര്‍ച്ച ചെയ്യും. കൊവിഡാനന്തര കാലത്ത് ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനാവശ്യമായ നയപരിപാടികളും പരിഗണനയ്ക്ക് വരും.
കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ നടക്കുന്ന ത്രിദിന സമ്മേളനം യുഎന്‍ വുമണിന്‍റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ തലത്തിലെ വ്യവസായ പ്രമുഖര്‍, സംരംഭകര്‍, നൂതന ആശയദാതാക്കള്‍, തുടങ്ങി അമ്പതോളം പേരാണ് സമ്മേളനത്തില്‍ സംസാരിക്കുന്നത്. ലിംഗസമത്വം സംബന്ധിച്ച വിഷയം പഠിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ് ഐസിജിഇ.
വനിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി നല്‍കുന്ന 15 ലക്ഷം രൂപ മൂലധന സമാഹരണ വായ്പയെക്കുറിച്ചും ഐസിജിഇ 2 വിലയിരുത്തും. സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന പ്രൊജക്ടുകള്‍ നടപ്പിലാക്കുന്നതിനാണ് ഈ മൂലധന വായ്പ നല്‍കുന്നത്.
സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യവസായത്തിലും ലിംഗസമത്വത്തിന്‍റെ പങ്ക്; ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് ഇക്കുറി ഐസിജിഇ യുടെ പ്രമേയം. ഗ്രാമീണപ്രദേശങ്ങളിലെ സംരംഭങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാകുമോ എന്ന കാര്യവും ഇതിലൂടെ പരിശോധിക്കുന്നുണ്ട്.
പ്രാഥമിക വെല്ലുവിളികളായ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കേരളം ഇതിനകം തന്നെ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞുവെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ് ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ടാം നിര പ്രശ്നങ്ങളായ ലിംഗസമത്വം സംബന്ധിച്ച സങ്കീര്‍ണമായ വെല്ലുവിളികളില്‍ പരിഹാരം കാണുന്നതും ഏറെ പ്രധാനമാണ്. സാമ്പത്തിക പുരോഗതിയില്‍ എല്ലാ ലിംഗക്കാര്‍ക്കും ഒരു പോലെ പങ്കാളിത്തം വേണമെന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.താഴെത്തട്ടു മുതല്‍ സുസ്ഥിര സംരംഭങ്ങളും സാമൂഹ്യ വ്യവസായങ്ങളും കെട്ടിപ്പെടുക്കുന്നതില്‍ കേരളത്തിന്‍റെ പരിചയസമ്പന്നതയും പ്രതിബദ്ധതയും ഏറെ പ്രശസ്തമാണ്. അതിനാല്‍ തന്നെ ഈ സമ്മേളനത്തിന് പ്രത്യേക പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സംരംഭങ്ങളില്‍ കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി മൂലം ഉണ്ടായ സാമൂഹ്യവും സാമ്പത്തികവുമായ പ്രതിബന്ധങ്ങള്‍ എങ്ങിനെ തരണം ചെയ്യാമെന്നതിനെക്കുറിച്ചും വിശകലനം ഉണ്ടാകും.

2020 ല്‍ നിരവധി വനിത സംരംഭങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയോ അല്ലെങ്കില്‍ മരവിപ്പിച്ച് നിറുത്തുകയോ ചെയ്തുവെന്ന് രാജ്യത്തെ സാങ്കേതിക സംരംഭങ്ങളില്‍ വനിത സംരംഭങ്ങളുടെ അവസ്ഥ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വസ്ത്രനിര്‍മ്മാണ രംഗത്തെ ചില സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡ് രക്ഷാകവചങ്ങള്‍ നിര്‍മ്മിക്കാനാരംഭിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

വനിതകള്‍ സ്ഥാപകരോ സഹസ്ഥാപകരോ ആയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 24 ശതമാനം കുറഞ്ഞുവെന്ന കണക്കുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ആദ്യ പകുതിയില്‍ മാത്രം 280 ദശലക്ഷം ഡോളറിന്‍റെ നഷ്ടമാണ് സംഭവിച്ചത്.


മുരടിച്ച സാമ്പത്തികവളര്‍ച്ച, ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികള്‍, തൊഴില്‍നഷ്ടം, തൊഴിലില്ലായ്മ എന്നിവ മറികടക്കുന്നതിന് സുസ്ഥിര സംരംഭങ്ങളിലേക്കും സാമൂഹ്യവ്യവസായങ്ങളിലേക്കും ഉറ്റുനോക്കേണ്ടതുണ്ടെന്ന് സുനീഷ് പറഞ്ഞു.
13-ാം പഞ്ചവത്സര പദ്ധതി(2017-2022)യില്‍ നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സുസ്ഥിര ജീവനോപാധി എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. ഇതില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന വനിത സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ വനിതാസംരംഭങ്ങളുടെ വളര്‍ച്ച രേഖപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
വനിതകളിലെ സാമ്പത്തിക ശേഷി പൂര്‍ണമായും ഉയോഗപ്പെടുത്തുന്നതിന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള 2030 അജന്‍ഡയില്‍ ശക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനം, അസമത്വം, അനീതി എന്നിവ ഇല്ലാതാക്കല്‍, വനിതകളുടെ സാമ്പത്തിക ശാക്തീകരണം എന്നിവ കൈവരിക്കുന്നതിന് വനിത സംരംഭങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നറിയിച്ചിട്ടുണ്ട്. നീതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന്‍റെ പുരോഗതി മുന്‍പന്തിയിലാണെങ്കിലും ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും ശ്രീ സുനീഷ് കൂട്ടിച്ചേര്‍ത്തു