ഐ.സി.ജി.ഇ; ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സംരംഭകരാക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യും


   തിരുവനന്തപുരം:
  ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി മുഖ്യധാരയിലെത്തിക്കുകയും സുസ്ഥിര സംരംഭകരാകാന്‍ പ്രാപ്തരാക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലിംഗസമത്വം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ (ഐസിജിഇ) രണ്ടാം പതിപ്പില്‍ നയകര്‍ത്താക്കളും വിദഗ്ധരും ചര്‍ച്ചചെയ്യും. 
ഫെബ്രുവരി 11 മുതല്‍ 13 വരെ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസില്‍ നടക്കുന്ന സമ്മേളനം ജെന്‍ഡര്‍ പാര്‍ക്കും യു.എന്‍ വിമണും സംയുക്തമായിട്ടാണ് സംഘടിപ്പിക്കുന്നത്. ‘സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്തീകരണത്തിന്‍റെ മധ്യസ്ഥത’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം ട്രാന്‍സ്ജെന്‍ഡര്‍ നയത്തിന്‍റെ പ്രവര്‍ത്തനവും ഫലങ്ങളും വിലയിരുത്തും. കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ചചെയ്യുന്നതിനുള്ള വേദിയാകും. 2015 ല്‍ നടന്ന ഐസിജിഇയുടെ ആദ്യ പതിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ട്രാന്‍സ്ജന്‍ഡര്‍ നയത്തിന്‍റെ ഇതുവരെയുള്ള പുരോഗതികളും അനുബന്ധ പ്രശ്നങ്ങളും ഇത്തവണ വിലയിരുത്തും.
ഭരണ നിര്‍വഹണത്തിലുള്ള ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ പ്രാതിനിധ്യം ചര്‍ച്ചചെയ്ത ഐ.സി.ജി.ഇയുടെ ആദ്യ പതിപ്പ് സര്‍ക്കാരിന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ നയരൂപീകരണത്തിലൂടെയാണ് ശ്രദ്ധേയമായതെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ.പിടിഎം സുനീഷ് പറഞ്ഞു. നിരവധി സംരംഭങ്ങള്‍ ഉണ്ടായിരുന്നിട്ടും സുസ്ഥിര സംരംഭകത്വവും സാമൂഹിക വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സ്ത്രീകളുടെ തൊഴിലുകളും സംരംഭകത്വത്തിലെ പ്രാതിനിധ്യവും തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ മുഖ്യധാരയില്‍ എത്തിയിട്ടില്ല. രാജ്യത്തെ ലിംഗ സ്ഥിതിവിവരക്കണക്കുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചുള്ള നിര്‍ണായക ഡാറ്റയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി എടുക്കുന്നതില്‍ രാജ്യത്തെ ലിംഗ സ്ഥിതിവിവരക്കണക്കുകള്‍ പരാജയപ്പെട്ടതാണ് അവരുടെ പ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചത്. 2018 ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) അനുസരിച്ച്, ട്രാന്‍സ്ജെന്‍ഡേഴ്സില്‍ 92 ശതമാനവും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ്. രണ്ട് ശതമാനം പേര്‍ മാത്രമാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെന്ന് സ്വയം തിരിച്ചറിഞ്ഞ ശേഷം കുടുംബത്തോടൊപ്പം താമസിക്കുന്നത്. എന്നിരുന്നാലും വര്‍ഷങ്ങളായുള്ള സാമൂഹികവും ഭരണപരവുമായ ഇടപെടലുകളെ തുടര്‍ന്ന് സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും തടസങ്ങള്‍ മറികടന്ന് സുസ്ഥിര സംരംഭകത്വത്തിന്‍റെയും സാമൂഹിക വ്യാപാരത്തിന്‍റെയും മേഖലയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും സാമൂഹ്യ സംരംഭങ്ങളുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. സുസ്ഥിര വികസനത്തിന്‍റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സാമൂഹിക സംരംഭങ്ങള്‍ക്കും സാമൂഹിക വ്യാപാരങ്ങള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനാകും.
സംരംഭകത്വ, വ്യാപാര മേഖലകളില്‍ കോവിഡിന് ശേഷമുള്ള സാഹചര്യവും നേരിടുന്ന വെല്ലുവിളികളും അനുഭവങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. സുസ്ഥിര സംരംഭകത്വത്തിന്‍റെയും സാമൂഹിക വ്യാപാരങ്ങളുടെയും വിവിധ വശങ്ങളുമായി സജീവമായി ഇടപഴകുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുള്ള അവസരവും സമ്മേളനം സൃഷ്ടിക്കും.
സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും സംരംഭകത്വത്തിലും സാമൂഹിക വ്യാപാരങ്ങളിലും പങ്കാളികളാക്കുന്നതിനും കോവിഡ് വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള ആശയങ്ങള്‍ക്കും രൂപം നല്‍കും. ഇത്തരമൊരു സമീപനം ശരിയായി നടപ്പിലാക്കുന്നത് സാമ്പത്തിക തടസ്സങ്ങള്‍, വായ്പയുടെ അഭാവം, സാമൂഹിക ധാരണ എന്നിവയുമായി പൊരുത്തപ്പെടാന്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും വളരെയധികം ഗുണം ചെയ്യുമെന്നും ഡോ. പിടിഎം സുനീഷ് പറഞ്ഞു.