മലനാട്- മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി; ആദ്യ ക്രൂയിസ്ബോട്ട് 15 ന് നീറ്റിലിറങ്ങും


തിരുവനന്തപുരം:
 ഉത്തരമലബാറിന്‍റെ ടൂറിസം മുഖച്ഛായ തന്നെ മാറ്റാന്‍ കേരള ടൂറിസത്തിന്‍റെ മലനാട്- മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കേരള ടൂറിസത്തിന്‍റെ ആദ്യ ക്രൂയിസ് ബോട്ട് ഫെബ്രുവരി 15 ന് നീറ്റിലിറങ്ങും.
വ്യത്യസ്ത പ്രമേയങ്ങളിലുള്ള 11 ബോട്ട് യാത്രകളാണ് പദ്ധതിയിലെ മുഖ്യ ആകര്‍ഷണം. കെഎസ്ഐഎന്‍സി (കേരളഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പറേഷന്‍) നിര്‍മ്മിച്ച ബോട്ട് സര്‍വീസ് നടത്തുന്നത് കെടിഡിസിയാണ്. ആദ്യ ഘട്ടത്തില്‍ ആറ് ക്രൂയിസ് ബോട്ടുകളാണ് കെഎസ്എന്‍ഐസി നിര്‍മ്മിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ടൂറിസം മേഖലയില്‍ മാത്രമല്ല, ജലഗതാഗതത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയ്ക്കാകും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഏഴു നദികളിലായി 48 ബോട്ട് ജട്ടികളും ടെര്‍മിനലുകളുമുണ്ടാകും. ഇതില്‍ രണ്ടെണ്ണത്തിന്‍റെ പണി പൂര്‍ത്തിയായപ്പോള്‍ ബാക്കിയുള്ളവ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.
ഉത്തരവാദിത്ത ടൂറിസത്തിന്‍റെ അന്ത:സ്സത്ത പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രാദേശികവാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഈ ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വികസനത്തിലൂടെ പ്രാദേശിക ജനങ്ങളുടെ ജീവിതസാഹചര്യത്തിലും ഉന്നമനം ഉണ്ടാകണമെന്നതാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍, കര്‍ഷകര്‍, ടാക്സി-ഓട്ടോ, കരകൗശല-കൈത്തറി തൊഴിലാളികള്‍ എന്നിങ്ങനെ സമസ്ത മേഖലയിലുമുള്ള ജനങ്ങള്‍ ഇതില്‍ പങ്കാളികളാകുമെന്നും മന്ത്രി പറഞ്ഞു.
ഏഴരക്കോടിയോളം രൂപ ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബോട്ട് ടെര്‍മിനലുകള്‍ ആദ്യ ക്രൂസ് റൂട്ടിനായി തയ്യാറായിക്കഴിഞ്ഞെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു.സര്‍ക്കാര്‍-സ്വകാര്യ ബോട്ടുകള്‍ ഈ ക്രൂസ് നടത്തും. ജെട്ടി-ടെര്‍മിനല്‍ നിര്‍മ്മാണം എന്നിവ ഭൂരിഭാഗവും 90 ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വദേശ് ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച 80.37 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രൂസ് സംവിധാനങ്ങളാണ് ഇവിടെ സജ്ജമാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
 ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്, കെല്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ്ലിമിറ്റഡ്) എന്നിവയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കണ്ണൂരിലെ പ്രമുഖ ആര്‍ക്കിടെക്ട് ടി വി മധുകുമാറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പന നിര്‍വഹിച്ചത്.
വളപട്ടണം, തേജസ്വിനി, കുപ്പം, അഞ്ചരക്കണ്ടി, മാഹി, കവ്വായി, പെരുമ്പ എന്നീ നദികളിലും വലിയ പറമ്പ കായലിലുമാണ് ടൂറിസം ബോട്ട് യാത്രകള്‍ നടക്കുന്നത്. ഈ നദികളിലൂടെയുള്ള യാത്ര എന്നതിലുപരി നാടിന്‍റെ ചരിത്രം, സംസ്ക്കാരം, ജൈവവൈവിദ്ധ്യം, എന്നിവ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ഏറെ സമ്പന്നമായ ചരിത്ര പൈതൃകം മലബാറിനുണ്ടെങ്കിലും ടൂറിസം മേഖല വേണ്ടരീതിയില്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല. ഈ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയാണ് മലനാട്-മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ലക്ഷ്യം.
വടക്കന്‍ പാട്ടുകളിലൂടെ കളരിയ്ക്ക് പ്രസിദ്ധമായ മയ്യഴിയെ അനുസ്മരിപ്പിച്ച് മാഹി നദിയില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് കളരി ക്രൂസ്, പഴശ്ശിയുടെ വീരകഥകളും സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെയും ഓര്‍മ്മയില്‍ അഞ്ചരക്കണ്ടി നദിയില്‍ പഴശ്ശി രാജ ആന്‍ഡ് സ്പൈസസ് ക്രൂസ് എന്നിവ പദ്ധതിയിടുന്നു.
പറശ്ശനിക്കടവ് മുത്തപ്പ ചൈതന്യം വിളിച്ചോതി മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂസ്, കാര്‍ഷിക സംസ്ക്കാരത്തിന്‍റെ ഓര്‍മ്മയ്ക്ക് ബേര്‍ഡ്സ് ആന്‍ഡ് അഗ്രി ക്രൂസ്, വശക്കന്‍ കേരളത്തിലെ അനുഷ്ഠാന കലകള്‍ തൊട്ടറിയുന്നതിനുള്ള ക്രൂസ് എന്നിവ വളപട്ടണം പുഴയിലാണ് നടക്കുന്നത്.
കണ്ടല്‍കാടുകളും ഗ്രാമീണ ഭംഗിയും നുകരാന്‍ കുപ്പം നദിയില്‍ കണ്ടല്‍ ക്രൂസ്, തുരിയം സംഗീതോത്സവത്തിന്‍റെ പിന്നണിയില്‍ പെരുമ്പ നദിയില്‍ മ്യൂസിക് ക്രൂസ്, കൈത്തറി, കുലത്തൊഴിലുകള്‍ എന്നിവയുടെ നേര്‍ക്കാഴ്ചയുമായി കവ്വായി നദിയിലും വലിയ പറമ്പ കായലിലുമായി ഹാന്‍ഡ്ലൂം ആന്‍ഡ് ഹാന്‍റി ക്രാഫ്റ്റ് ക്രൂസ്, നീന്തിക്കുളിക്കാനും, ജലവിനോദങ്ങള്‍ക്കുമായി തേജസ്വിനി നദിയില്‍ വാട്ടര്‍ സ്പോര്‍ട് ആന്‍ഡ് റിവര്‍ ബാത്തിംഗ് ക്രൂസ്, ഉത്തരവാദിത്ത ടൂറിസത്തിന്‍റെ മാതൃകയായി വലിയ പറമ്പ കായലിലൂടെ റെസ്പോണ്‍സിബിള്‍ വില്ലേജ് ക്രൂസ്, യക്ഷഗാനത്തിനുള്ള സമര്‍പ്പണമായി ചന്ദ്രഗിരിപ്പുഴയില്‍ യക്ഷഗാന ക്രൂസ് എന്നിവയാണ് പദ്ധതിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഇരുണ്ട പ്രദേശമെന്ന് കരുതിയിരുന്ന ഉത്തരമലബാര്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നതു വഴി പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.