ഈ പശുക്കുട്ടിയുടെ വില കേട്ടാല്‍ ഞെട്ടും; 2.61 കോടി രൂപ

ലന്‍ഡന്‍:  ലോകത്തിലെ ഏറ്റവും വിലയുള്ള പശുക്കിടാവ് എന്ന റെകോഡ് സ്വന്തമാക്കി ഇംഗ്ലണ്ടിലെ പോഷ് സ്പൈസ് എന്ന പശുക്കുട്ടി. കഴിഞ്ഞ ആഴ്ച നടന്ന ലേലത്തില്‍ നാലു മാസം പ്രായമുള്ള പോഷ് സ്പൈസ് വിറ്റുപോയത് 2.61 കോടി രൂപയ്ക്കാണ് .

ലിമോസിന്‍ ഇനത്തില്‍പ്പെട്ട, വംശാവലിയുള്ള പശുക്കിടാവാണ് പോഷ് സ്പൈസ്. ഇതിനു മുന്‍പത്തെ റെകോഡ് 2014ല്‍ ആയിരുന്നു. സ്പൈസ് ഗേള്‍ എന്ന ആ പശുക്കിടാവ് വിറ്റുപോയത് പോഷ് സ്പൈസിന്റെ പകുതിവിലയ്ക്കായിരുന്നു.

കൃത്യമായ വംശാവലി രേഖപ്പെടുത്തിയ 68 പശുക്കിടാക്കള്‍ ആണ് ലേലത്തിനുണ്ടായിരുന്നത്. അവയില്‍നിന്നാണ് ഇത്രയേറെ തുകയ്ക്ക് പോഷ് സ്പൈസ് വിറ്റുപോയത്. 2014ലെ റെകോഡ് മാത്രമല്ല പോഷ് സ്പൈസ് മറികടന്നത്. യുകെയിലെയും യൂറോപിലെയും ഏറ്റവും വിലയേറിയ പശുക്കിടാവെന്ന പേരും ഇനി പോഷ് സ്പൈസിനു സ്വന്തമാണ്.

യൂറോപ് ഭൂഖണ്ഡത്തിന്റെ അത്രതന്നെ പ്രായമുള്ള കന്നുകാലി ഇനം എന്നാണ് ലിമോസിനെ വിശേഷിപ്പിക്കാറുള്ളത്. ഗുഹാ ചിത്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്‌ 20,000 വര്‍ഷത്തെ ചരിത്രമുണ്ട് ഇതിന്. ഏതു കാലാവസ്ഥയുമായും പൊരുത്തപ്പെടാനുള്ള കഴിവും മികച്ച തീറ്റപരിവര്‍ത്തനശേഷിയുമുള്ളതിനാല്‍ പ്രധാനമായും ഇറച്ചിയാവശ്യത്തിനായാണ് ഇവയെ വളര്‍ത്തിവരുന്നത്.

ശരാശരി 650 കിലോഗ്രാം ഭാരമാണ് ലിമോസിന്‍ പശുക്കള്‍ക്കുള്ളത്. പ്രായപൂര്‍ത്തിയായ കാളകള്‍ക്ക് 1000 കിലോഗ്രാം വരെ തൂക്കം കാണാറുണ്ട്. ചെറിയ തലയും കുറുകിയ കഴുത്തുമാണ്. ഇക്കൂട്ടര്‍ക്ക് സ്വര്‍ണനിറം കലര്‍ന്ന ചുവപ്പാണ് നിറം. വംശശുദ്ധി നിലനിര്‍ത്തി വളര്‍ത്തുന്നുണ്ടെങ്കിലും ഇറച്ചിയാവശ്യത്തിന് ലിമോസിന്‍-ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ സങ്കരമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിവേഗമുള്ള വളര്‍ച്ചയാണ് സങ്കര ഇനത്തിന്റേ നേട്ടം.