വ്യാജവാര്‍ത്ത; അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ചര്‍ച്ച വേണമെന്ന്‌ ട്വിറ്റര്‍

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച്‌ 1178 അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ചര്‍ച്ച വേണമെന്ന അഭ്യര്‍ത്ഥനയുമായി ട്വിറ്റര്‍. ഇന്ത്യയില്‍ വികസിപ്പിച്ച മൈക്രോബ്ലോഗിങ് ആപ്ലിക്കേഷനായ കൂ വഴിയാണ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്.

ട്വിറ്റര്‍ മാനേജ്‌മെന്റുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച്‌ ട്വിറ്റര്‍ ബ്ലോഗില്‍ പോസ്റ്റിട്ടത് അസാധാരണമാണ്. സര്‍ക്കാര്‍ ഉടന്‍ മറുപടി അറിയിക്കും- എന്നാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം കൂ വില്‍ കുറിച്ചത്.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഏതാനും മണിക്കൂര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷം ഈ അക്കൗണ്ടുകള്‍ മിക്കതും പിന്നീട് സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ആയിരത്തിലേറെ അക്കൗണ്ടുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ട്വിറ്ററിനെ സമീപിച്ചത്.

ഇതിനാണ് കൂ വഴി സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുള്ളത്. എല്ലാ മന്ത്രാലയങ്ങളും കൂ വില്‍ അക്കൗണ്ട് ഉണ്ടാക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്.

അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യണമെന്ന ആവശ്യത്തിന് ട്വിറ്റര്‍ വഴങ്ങാതിരുന്നതോടെയാണ് കേന്ദ്രം കൂ വിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയത്. ഏറ്റവുമൊടുവില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് കൂവില്‍ അക്കൗണ്ട് തുടങ്ങിയത്.

അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവര്‍ സ്ഥാപിച്ച ബോംബിനെറ്റ് ടെക്‌നോളജീസാണ് കൂവിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഇതേക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.