കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീഡിംഗ് കേരള ഉച്ചകോടി 12,13 തീയതികളില്‍

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  (കെഎസ്യുഎം)  സംഘടിപ്പിക്കുന്ന ആറാമത് സീഡിംഗ് കേരള ഉച്ചകോടിയില്‍ നവാഗത സ്ഥാപനങ്ങള്‍ നിക്ഷേപകരുമായി സംവദിക്കും. എയ്ഞ്ജല്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാനത്തെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഫെബ്രുവരി 12,13 തീയതികളില്‍  വെര്‍ച്വലായി നടക്കുന്ന ദ്വിദിന ഉച്ചകോടി  രാജ്യത്തെ മേല്‍ത്തട്ട് നഗരങ്ങള്‍ക്കപ്പുറമുള്ള  സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലൂടെ മധ്യവര്‍ഗ-ചെറുകിട നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച നിക്ഷേപ അവസരം തേടുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് ഭാരത് എന്ന ആശയത്തിന് സീഡിംഗ് കേരള ഏറെ കരുത്തേകും.
കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്കാണ് ഉച്ചകോടിയില്‍ (https://seedingkerala.com/) പങ്കെടുക്കാനവസരം. 100 നിക്ഷേപ ശേഷിയുള്ളവരും (എച്എന്‍ഐ)  20 മികച്ച നിക്ഷേപക ഫണ്ടുകളും 14 എയ്ഞ്ചല്‍ നെറ്റ്വര്‍ക്കുകളും 30 സ്റ്റാര്‍ട്ടപ്പ് സംരംഭരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഉച്ചകോടിയില്‍ ഭാഗഭാക്കാകും. ഫെബ്രുവരി 12 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ  ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. മുഹമ്മദ് വൈ. സഫീറുള്ള ഐ.എ.എസ്, കെഎസ്യുഎം സിഇഒ ശ്രീ. ശശി പിലാചേരി മീത്തല്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കും. ക്വാട്രോ ഗ്ലോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാമന്‍ റോയ് സമാപന ചടങ്ങില്‍ സംസാരിക്കും.
വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന   ആദ്യ റൗണ്ട്ടേബിളില്‍ ഐപിഒ/ ഫണ്ടിംഗിന്‍റെ അടുത്ത തലം എന്ന വിഷയത്തില്‍  ബിഎസ്ഇ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍  ആനന്ദ് ചാരിയും ഇഎസ്ഒപി –  നിക്ഷേപക കാഴ്ചപ്പാടില്‍  നൈപുണ്യം നിലനിര്‍ത്തല്‍ എന്ന വിഷയത്തിലെ റൗണ്ട് ടേബിളില്‍ ഖൈതാന്‍ ലീഗല്‍ അസോസിയേറ്റ്സ് പാര്‍ട്ണര്‍ ശ്രുതി ദ്വിവേദി സോധിയും സംസാരിക്കും. 
കേരളത്തിലെ എയ്ഞ്ചല്‍  നിക്ഷേപക അന്തരീക്ഷത്തിലും  നിക്ഷേപത്തിന്‍റെ പ്രാഥമിക തത്വങ്ങളിലും മാസ്റ്റര്‍ ക്ലാസ്സുകള്‍ നടക്കും. കേരള ഏഞ്ചല്‍ നെറ്റ്വര്‍ക്കിലെ എയ്ഞ്ചല്‍ നിക്ഷേപകനായ അജിത് മൂപ്പന്‍, മലബാര്‍ ഏഞ്ചല്‍സ് ചെയര്‍മാന്‍ ഷിലന്‍ സാഗുനന്‍, ഏഞ്ചല്‍ നിക്ഷേപകനും സ്മാര്‍ട്ട് സ്പാര്‍ക്സ്-ദി ഏഞ്ചല്‍ നെറ്റ്വര്‍ക്ക് ചെയര്‍മാനുമായ വിനയ് ജെയിംസ് കൈനാടി, നേറ്റീവ് ലീഡ്-ഏഞ്ചല്‍ നെറ്റ്വര്‍ക്ക് സ്ഥാപകനും സിഇഒയുമായ ശിവരാജ രാമനാഥന്‍, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് ഏഞ്ചല്‍ നിക്ഷേപകനും ഡബ്ല്യുഇപി സൊല്യൂഷന്‍സ് മുന്‍ സിഇഒയുമായ പി കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
നിക്ഷേപത്തിന്‍റെ പ്രാഥമിക തത്വങ്ങള്‍  എന്ന വിഷയത്തിലെ മാസ്റ്റര്‍ ക്ലാസ്സിന് ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് സഹസ്ഥാപകയും ഐഎഎന്‍ ഫണ്ട് സ്ഥാപക പങ്കാളിയുമായ പദ്മജാ രൂപരേല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സ്മാര്‍ട് ടൗണ്‍ ബൂം –  അടുത്ത കാലഘട്ടത്തിലെ വളര്‍ച്ചയെ നയിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഭാരത് എത്രത്തോളം സജ്ജമാണ് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.
നാസ്കോം മുന്‍ ചെയര്‍മാനും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ  കിരണ്‍ കാര്‍നിക്കിന്‍റെ മുഖ്യപ്രഭാഷണത്തോടെ ശനിയാഴ്ചത്തെ പരിപാടികള്‍ ആരംഭിക്കും. എയ്ഞ്ജല്‍ നിക്ഷേപകന്‍ റോബിന്‍ അലക്സ് പണിക്കര്‍ ക്യുറേറ്റ്  ചെയ്യുന്ന ഡീകോഡിംഗ് കേരള സ്റ്റാര്‍ട്ടപ്പ് എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ എയ്ഞ്ചല്‍ നിക്ഷേപകനായ രവീന്ദ്രനാഥ് കമ്മത്ത്, ജിഫി.എഐ സിഇഒയും സഹസ്ഥാപകനുമായ ബാബു ശിവദാസന്‍, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്  മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും എപ്രകാരം ഒരുമിച്ച് പ്രവര്‍ത്തിക്കും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ച  ഹുറൂണ്‍ ഇന്ത്യ സ്ഥാപകനും എംഡിയുമായ  അനസ് റഹ്മാന്‍ ജുനൈദ്, എയ്ഞ്ചല്‍ നിക്ഷേപകന്‍ നവാസ് മീരാന്‍, ജാക്ക്ഫ്രൂട്ട് 365 സ്ഥാപകന്‍ ജയിംസ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.
ഇസ്രയേല്‍ – ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യയെക്കുറിച്ച് ദേശീയ സ്റ്റാര്‍ട്ടപ്പ് കാഴ്ചപ്പാട് എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റ് ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് രാജാറാം ക്യൂറേറ്ററായിരിക്കും. ട്രിവെഞ്ച്വേഴ്സ് മാനേജിംഗ് പാര്‍ട്ണറും സഹ സ്ഥാപകയുമായ മൈക്കല്‍ ഗേവ സംസാരിക്കും. ഫിന്‍ടെക് വിപ്ലവം- നിര്‍മ്മാണം ബാങ്കുകള്‍ക്കുവേണ്ടി എന്ന ചര്‍ച്ചയില്‍  മെഡികി സഹ സ്ഥാപകന്‍ അമിത് ഗോയല്‍, അദ്വാരിസ്ക് സഹ സ്ഥാപകന്‍ വിശാല്‍ ശര്‍മ്മ, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് സിഇഒയും സഹ സ്ഥാപകനുമായ അനീഷ് അച്യുതന്‍, മാഗ്ഹോള്‍ഡ് മാനേജിംഗ് ഡയറക്ടറും സ്ഥാപകയുമായ ബോവി ലോ എന്നിവര്‍ സംസാരിക്കും. 
സെക്ടര്‍ പാനല്‍- കണ്‍സ്യൂമര്‍ ടെക് എന്ന ചര്‍ച്ചയില്‍  ദ ഇന്‍ഡസ് വാലി സഹ സ്ഥാപകന്‍ ജഗദീഷ് കുമാര്‍, ദ ചെന്നൈ എയ്ഞ്ജല്‍സ് എയ്ഞ്ജല്‍ ഇന്‍വെസ്റ്റര്‍ ചന്ദു നായര്‍ എന്നിവര്‍ സംസാരിക്കും. വെര്‍ച്വല്‍ പരിരക്ഷയും ടെലിമെഡിസിനും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ച  മുംബൈ എയ്ഞ്ജല്‍സ് നെറ്റ്വര്‍ക്ക്  സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആന്‍ഡ് മാനേജിംഗ് എക്സിസ്റ്റ് വൈസ് പ്രഡിഡന്‍റ് ശിവാംഗി ബുബ്ന ക്യൂറേറ്റ് ചെയ്യും. ഗാര്‍ഫി ബയോസയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട് ബുണ്ട്ല, ക്ലൗഡ്നയന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ആര്‍ കിഷോര്‍ കുമാര്‍, സമ ഹെല്‍ത്ത്കെയര്‍ മാനേജിംഗ് ഡയറക്ടര്‍ വിവേക് സമ,  ഏഷ്യന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അനുപം പാണ്ഡേ എന്നിവരും ചര്‍ച്ചയില്‍ സംസാരിക്കും.
സ്റ്റാര്‍ട്ടപ്പുകളും കോര്‍പ്പറേറ്റ് ബിസിനസ് സ്ഥാപനങ്ങളും എന്ന പാനല്‍ ചര്‍ച്ചയില്‍  ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒയുമായ ജി വിജയരാഘവന്‍,  ഫ്രഷ് ടു ഹോം സഹ സ്ഥാപകരായ  ഷാന്‍കടവില്‍,  മാത്യു ജോസഫ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പിച്ചിംഗ് സെഷന്‍ നടക്കും.
ഡീപ്ടെക് ചലഞ്ച് സെഷന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റ് ഫണ്ടും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് എസ്ഇഎ ഫണ്ടും ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസുമാണ്.
നിക്ഷേപ സാധ്യതയുള്ളവരെ  എയ്ഞ്ജല്‍ നിക്ഷേപകരായി കേരളത്തിലേക്ക് എത്തിക്കുക,   പ്രമുഖ നിക്ഷേപകരെ  സംസ്ഥാനത്തേക്ക് നയിക്കുക, സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രാഥമിക നിക്ഷേപം നടത്തുക എന്നിവയ്ക്കാണ് ഉച്ചകോടി  പ്രാധ്യാന്യം നല്‍കുന്നത്. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങിയവയും സീഡിംഗ് കേരളയുടെ ഭാഗമായിരിക്കും.
തിരഞ്ഞെടുക്കപ്പെട്ട  30 സ്ഥാപനങ്ങള്‍ക്ക് കെഎസ്യുഎമ്മിന്‍റെ പ്രതിമാസ വെര്‍ച്വല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപക സംഗമമായ ഇന്‍വെസ്റ്റര്‍ കഫേയിലെ വിദഗ്ധരുമായി ആശയവിനിമയത്തിനുള്ള അവസരവും സമ്മേളനത്തിലുണ്ടാകും.