പത്ത് ക്ഷീര സംഘങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ മില്‍മ നിര്‍ണായക പങ്ക് വഹിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം മേഖലസഹകരണ  ക്ഷീരോല്‍പ്പാദക യൂണിയന്‍റെ  (ടിആര്‍സിഎംപിയു-മില്‍മ) കീഴിലുള്ള പത്ത് പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ക്ക്  ഐഎസ്ഒ 22000 2018  അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും നടത്തുകയായിരുന്നു അദ്ദേഹം.

ക്ഷീരോത്പാദന സഹകരണ സംഘങ്ങളില്‍ സ്ത്രീകളുടെ കൂട്ടായ്മ മികച്ചതാണ്. ഉപജീവനത്തിലൂടെ സ്ത്രീശാക്തീകരണത്തിന് ആക്കംകൂട്ടുന്നതില്‍ മില്‍മയുടെ പങ്കാളിത്തം നിസ്തുലമാണ്. അംഗീകാരം ഏറ്റുവാങ്ങാന്‍ മൂന്ന് സംഘങ്ങളില്‍ നിന്നും സ്ത്രീ പ്രതിനിധികള്‍ എത്തിയത് ശ്രദ്ധേയമാണെന്നും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഐവര്‍കാല  ബിഎംസിസി സെക്രട്ടറി ശ്രീമതി ജി ഉഷ, വള്ളികുന്നം ബിഎംസിസി സെക്രട്ടറി ശ്രീമതി പി എന്‍ രമാവതി, വെച്ചുച്ചിറ ബിഎംസിസി സെക്രട്ടറി ശ്രിമതി ജോയ്സി പി ജോണ്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.

ക്ഷീര സംഘങ്ങളുടെ മികച്ച പ്രവര്‍ത്തനവും പാലിന്‍റെ ഗുണമേന്‍മയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മില്‍മ തിരുവനന്തപുരം യൂണിയന്‍ നടപ്പിലാക്കിയ  പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍. ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ വികസിപ്പിച്ച  രാജ്യാന്തര ഭക്ഷ്യ സുരക്ഷ പരിപാലന സംവിധാനമാണ് ഐഎസ്ഒ 22000 2018. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫൈയിംഗ് ബോഡീസാണ്  ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ചടങ്ങില്‍ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ ചെയര്‍മാന്‍ ശ്രീ കല്ലട രമേശ്, ഡയറക്ടര്‍മാരായ  അയ്യപ്പന്‍ നായര്‍,  സദാശിവന്‍ പിള്ള എസ്, സികെ രാജശേഖരന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം മേഖലയിലെ എല്ലാ ക്ഷീര സഹകരണസംഘങ്ങള്‍ക്കും ഐഎസ്ഒ അംഗീകാരം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണിതെന്ന് ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. ആദ്യഘട്ടമായി പത്ത് ക്ഷീര സഹകരണ സംഘങ്ങളില്‍ എല്ലാ മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി എസ്ജിഎസിന്‍റെ സര്‍ട്ടിഫിക്കേഷന്‍ നേടാനായി. മില്‍മ തിരുവനന്തപുരം യൂണിയന്‍റെ കീഴില്‍ തിരുവനന്തപുരത്തും (പ്രതിദിന ശേഷി മൂന്ന് ലക്ഷം ലിറ്റര്‍), കൊല്ലത്തും (രണ്ട് ലക്ഷം ലിറ്റര്‍) പത്തനംതിട്ടയിലുമായി (ഒരു ലക്ഷം ലിറ്റര്‍) പ്രവര്‍ത്തിക്കുന്ന മൂന്നു പ്ലാന്‍റുകള്‍ക്കും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ അടുത്ത ഘട്ടമെന്നോണം എല്ലാ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളേയും  സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ പ്രാപ്തമാക്കുകയും  പ്രവര്‍ത്തനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവാരമുയര്‍ത്തുന്നതിന്‍റെ ഭാഗമായി പാല്‍ ശീതീകരണ കേന്ദ്രങ്ങളിലെ എല്ലാ ജീവനക്കര്‍ക്കും പങ്കാളികള്‍ക്കും  ഇന്‍സെന്‍റീവും പരിശീലനവും നല്‍കിയിട്ടുണ്ട്. അധിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് തിരുവനന്തപുരം യൂണിയന്‍ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മികവ് കൈവരിക്കുന്നതിന് ഭക്ഷ്യസുരക്ഷ നിര്‍വ്വഹണ സമ്പ്രദായം നടപ്പില്‍ വരുത്തേണ്ടതുണ്ട്. ദേശീയ ക്ഷീരവികസന ബോര്‍ഡ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ഫ്ളെഡിന്‍റെ ഭാഗമായ  കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ലിമിറ്റഡിന്‍റെ (മില്‍മ) അംഗീകാരമുള്ള  കര്‍ഷക സംഘടനയാണ് തിരുവനന്തപുരം യൂണിയന്‍.

തെക്കന്‍ കേരളത്തില്‍ ഗുണമേന്‍മയുള്ള പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിരന്തര വിതരണം ഉറപ്പുവരുത്തി  മില്‍മ തിരുവനന്തപുരം യൂണിയന്‍ മൂന്ന് ദശാബ്ദം പൂര്‍ത്തിയാക്കി.    നാലു ജില്ലകളിലുള്ള  923 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍  പ്രതിദിനം 4.2 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. 94 വിപുലമായ ശീതീകരണ കേന്ദ്രങ്ങളും  7,610 ചില്ലറ വ്യാപാര കേന്ദ്രങ്ങളും  5.1 ലക്ഷം ലിറ്റര്‍ പാലിന്‍റെ പ്രതിദിന വില്‍പ്പനയുമായി 1,100 കോടിരൂപയിലധികം വാര്‍ഷിക വിറ്റുവരവ് മില്‍മ തിരുവനന്തപുരം യൂണിയനുണ്ട്.

923 പ്രാഥമിക ക്ഷീര സഹകരണസംഘങ്ങളിലൂടെ പാല്‍ ശേഖരിച്ച്  വിവിധ ക്ലസ്റ്റര്‍ റൂട്ടുകളിലൂടെ  ഗ്രാമപ്രദേശങ്ങളിലുള്ള 54 വിപുലമായ ശീതീകരണ കേന്ദ്രങ്ങളിലെത്തിക്കും.  ഗുണമേന്‍മ ഉറപ്പുവരുത്തിയ ശേഷം അഞ്ചുഡിഗ്രി സെല്‍ഷ്യസില്‍ ശീതികരിച്ച്  മില്‍മ തിരുവനന്തപുരം യൂണിയന്‍റെ  ഡയറികളില്‍ എത്തിക്കും.  തുടര്‍ന്ന്  പാല്‍ സംസ്കരിച്ച്  ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.