പ്രതിസന്ധികള്‍ക്കിടയിലും സംരംഭകര്‍ അവസരങ്ങള്‍ കണ്ടെത്തണം: ക്രിസ് ഗോപാലകൃഷ്ണന്‍


. ആറാമത്  സീഡിംഗ് കേരള ഉച്ചകോടിക്ക് തുടക്കം


കൊച്ചി:  പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ സ്റ്റര്‍ട്ടപ്പ് സംരംഭകര്‍ പരിശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എയ്ഞ്ജല്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാനത്തെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ആറാമത് സീഡിംഗ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി വര്‍ക്ക് ഫ്രം ഹോം, ടെലിമെഡിസിന്‍, ടെലികോണ്‍ഫെറന്‍സിംഗ് എന്നിവയിലൂടെ  ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെ വലിയ സാധ്യതയാണ് തുറന്നുകാട്ടിയത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഈ കാലഘട്ടത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വന്‍നിക്ഷേപം സമാഹരിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അനന്തമായ നിക്ഷേപ സാധ്യതകളുണ്ട്. രാജ്യത്തെ അഞ്ചുശതമാനം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിലേതാണ്. രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ട്. ഈ വസ്തുത പുറം ലോകത്തെത്തിക്കാന്‍ പിന്തുണയും മാര്‍ഗനിര്‍ദേശവും നയപിന്തുണയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളിലല്ലാതിരുന്നിട്ടും ടെക് ജെന്‍ഷ്യ, ജാക്ക്ഫ്രൂട്ട് 365, ജെന്‍ റോബോട്ടിക്സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള പ്രസക്തിയുള്ള ആശയങ്ങളുമായി മുന്നോട്ടുവന്നു വിജയംനേടി.

 സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് പ്രാരംഭഘട്ടം വെല്ലുവിളികളുടേയും ആശങ്കകളുടേയും ആയിരുന്നെങ്കിലും  ഇപ്പോള്‍ ചാരിതാര്‍ത്ഥ്യമാണുളളത്. എന്നിരുന്നാലും ഇനിയും സാങ്കേതികവികാസവും കരുത്തും പ്രതിരോധവും ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപകര്‍ കേരളത്തിന്‍റെ സാധ്യത മനസ്സിലാക്കി മുന്നോട്ടുവരണം. ചൈനയുടെ പ്രത്യേക ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ രാജ്യത്ത് പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്തി സാങ്കേതിക മുന്നേറ്റത്തിന് അവസരമുണ്ട്. കാര്‍ഷികമേഖലയിലും  ഭക്ഷ്യോത്പ്പാദനത്തിലും കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാം. ഇടനിലക്കാരെ ഒഴിവാക്കി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി ബ്രാന്‍ഡിംങോടെ പുറത്തിറക്കാനായാല്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുകയുടെ മൂന്നിരട്ടി നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രതിച്ഛായ നേടിയ കേരളം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവികസനത്തില്‍ പ്രത്യേക മാതൃകയാണ് പിന്തുടരുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. മുഹമ്മദ് വൈ. സഫീറുള്ള ഐഎഎസ് പറഞ്ഞു. ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ ഈ വര്‍ഷത്തോടെ അഞ്ചുലക്ഷം ചതുരശ്രയടിയായി ഉയര്‍ത്തും. കൊവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്തെ  26 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാന്നൂറ് കോടിരൂപയുടെ നിക്ഷേപം സമാഹരിക്കാനായതായും അദ്ദേഹം വെളിപ്പെടുത്തി.

സമ്മേളനത്തില്‍ കെഎസ്യുഎം പ്രോജക്ട് ഡയറക്ടര്‍ റിയാസ് പിഎം സ്വാഗതം പറഞ്ഞു.
വെര്‍ച്വലായി നടക്കുന്ന ദ്വിദിന ഉച്ചകോടി  രാജ്യത്തെ മേല്‍ത്തട്ട് നഗരങ്ങള്‍ക്കപ്പുറമുള്ള  സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലൂടെ മധ്യവര്‍ഗ-ചെറുകിട നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച നിക്ഷേപ അവസരം തേടുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.