വേദിക് ഐ.എ.എസ് അക്കാദമി കോട്ടയത്ത്ഓഫ് കാമ്പസ് ആരംഭിച്ചു


കോട്ടയം: വേദിക് ഐഎഎസ് അക്കാദമിയുടെ ഓഫ് കാമ്പസ് കോട്ടയത്ത് ആരംഭിച്ചു. വൈക്കത്തെ കാപ്പുങ്കല്‍ ബില്‍ഡിങ്ങില്‍ തുടങ്ങിയ ഓഫ് കാമ്പസിന്‍റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു.


പുതുതലമുറയെ സിവില്‍ സര്‍വീസിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതില്‍ വേദിക് ഐഎഎസ് അക്കാദമിക്കുള്ള പങ്കിനെ പ്രശംസിച്ച നിര്‍മ്മല ജിമ്മി കോട്ടയം ജില്ലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും പ്രിന്‍സിപ്പാള്‍മാരെയും പ്രധാന അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് കോട്ടയത്ത് വെച്ച് ഒരു ഏകദിന സെമിനാര്‍ നടത്താമെന്നു വേദിക് ഐഎഎസ് അക്കാദമിക്ക് ഉറപ്പു നല്‍കി.


വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പദവികളിലേക്ക് എത്തിച്ചേരാന്‍ വേദിക് ഐഎഎസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്ന്  മുഖ്യാതിഥിയായിരുന്ന കോട്ടയം സഹോദയയുടെ പ്രസിഡന്‍റ് ബെന്നി ജോര്‍ജ് പറഞ്ഞു. ജില്ലയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും വെബിനാര്‍ നടത്തുന്നതിനുള്ള അവസരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.


വേദിക് എറുഡൈറ്റ് ഫൗണ്ടേഷന്‍റെ വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ് പദ്ധതിയുടെ ഭാഗമായി മൂന്നു കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും ചടങ്ങില്‍ പ്രഖ്യാപിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഉടമ പീറ്റര്‍ പോളാണ്  മൂന്നു കുട്ടികളെ സ്പോണ്‍സര്‍ ചെയ്തത്.


മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി, ആയാംകുടി സെന്‍റ് തെരേസാസ് സ്കൂള്‍ മേയറും വൈസ് പ്രിന്‍സിപ്പാളുമായ ബ്രദര്‍ മാര്‍ട്ടിന്‍, വേദിക് ഐഎഎസ് അക്കാദമി  മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് സൈമണ്‍ തരകന്‍, വേദിക് ഐഎഎസ് അക്കാദമി കോട്ടയം ഓഫ് കാമ്പസ് സെന്‍റര്‍ ഡയറക്ടര്‍ പ്രദീപ് ശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.