കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്തതും അഞ്ച് വര്‍ഷത്തെ കാലാവധിയുള്ളതുമായ റുപേ പ്ലാറ്റിനം കാര്‍ഡുകളാണ് ഇതോടെ വിതരണം ചെയ്യുകയെന്നാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കിയത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കാര്‍ഡ് വിതരണം ചെയ്യുകയെന്ന് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി കൂട്ടിച്ചേര്‍ത്തു.

എടിഎം, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയും കെഎഫ്സി അനുവദിക്കുന്ന ഈ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ നടത്താന്‍ സാധിക്കും. കൂടാതെ കെഎഫ്സിയുടെ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച ശേഷം ഉയര്‍ന്ന തുകയുടെ സാമ്ബത്തിക ഇടപാടുകളും നടത്താന്‍ സാധിക്കും. കാര്‍ഡ് പ്രാബല്യത്തില്‍ വന്നതോടെ വായ്പകള്‍ വിതരണം ചെയ്യുന്നതും തുക തിരിച്ചടവും ഈ കാര്‍ഡുകള്‍ മുഖേനയായിരിക്കും.

നേരത്തെ കെഎഫ്സിയില്‍ നിന്നെടുക്കുന്ന വായ്പാ തിരിച്ചട് മാസം തോറുമായിരുന്നു. എന്നാല്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതോടെ ആഴ്ചകളുടെയോ ദിവസങ്ങളുടേയോ അടിസ്ഥാനത്തില്‍ തിരിച്ചടവ് ഉറപ്പാക്കാന്‍ സാധിക്കും. നേരത്തെ ഗൂഗിള്‍പേ പോലുള്ള യുപിഐ സേവനങ്ങളെയാണ് തിരിച്ചടവിന് വേണ്ടി ആശ്രയിച്ചിരുന്നത്. തിരിച്ചടവിന് ഡെബിറ്റ് കാര്‍ഡിന്റെ വരവ് നിര്‍ണ്ണായകമായിത്തീരും.

ഇതിന് പുറമേ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡ് വിതരണം ചെയ്യും. ഇതോടെ ശമ്ബളവും മറ്റ് അലവന്‍സുകളും ബാങ്ക് അക്കൌണ്ടിലേക്കായിരിക്കും നിക്ഷേപിക്കുക. സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.