40.46 കോടി രൂപയുടെ 18 ടൂറിസം പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു


തിരുവനന്തപുരം:  ഏഴ് ജില്ലകളിലായി 40.46 കോടി രൂപ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 18 ടൂറിസം പദ്ധതികള്‍ ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. കോവളം അന്താരാഷ്ട്ര ടൂറിസം സെന്‍റര്‍ നവീകരണത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 9.9 കോടി രൂപ ചെലവില്‍ സമുദ്ര ബീച്ച് പാര്‍ക്ക് ഏരിയ, ഗ്രോവ് ബീച്ച് ഏരിയ എന്നിവയുടെ വികസനം, 52 ലക്ഷം ചെലവിട്ട് മൂലവിളാകം നടപ്പാതയുടെ സൗന്ദര്യവത്കരണവും ഇന്‍റര്‍ലോക്ക് പാകലും ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയിലും പ്രതിഫലിച്ചിട്ടുണ്ടെന്നും ഇത് കുറച്ചുകാലം നീണ്ടുനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷത്തോളം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലിചെയ്യുന്ന ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ധാരാളം പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് 45,000 കോടി രൂപ വരുമാനം ലഭിച്ചു. ഇത് എക്കാലത്തെയും റെക്കോര്‍ഡാണ്. ഏഴ് ജില്ലകളിലായി പൂര്‍ത്തിയായ 18 പദ്ധതികളുടെ ഉദ്ഘാടനത്തോടെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നൂറിലധികം പദ്ധതികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഭരണപരമായ അനുമതി നല്‍കിയ 300 ടൂറിസം പദ്ധതികളില്‍ 80 ശതമാനവും പൂര്‍ത്തീകരിക്കാനായി. കേരളത്തിന്‍റെ ചരിത്രത്തില്‍ മറ്റൊരു സര്‍ക്കാരും ഇത്രയധികം ടൂറിസം പദ്ധതികള്‍ നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുതായി നടപ്പിലാക്കിയ പദ്ധതികളിലൂടെ ടൂറിസം മേഖലയുടെ വികസനത്തിനൊപ്പം പ്രാദേശികമായ വികസനം കൂടി സാധ്യമാകുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐ.എ.എസ് പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ അതതു പ്രദേശത്തെ ജനങ്ങളുടെ തൊഴിലും ജീവിത നിലവാരവും മെച്ചപ്പെടാന്‍ വഴിയൊരുങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ അധിക ബ്ലോക്ക് നിര്‍മ്മാണം രണ്ടാം ഘട്ടം (9.5 കോടി), എറണാകുളം മറൈന്‍ ഡ്രൈവിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് (4 കോടി), ഇടുക്കിയില്‍ യാത്രിനിവാസ് (3.82 കോടി), കോഴിക്കോട് കുറ്റ്യാടി പയാംകുട്ടിമലയിലെ ടൂറിസം നവീകരണ പ്രവര്‍ത്തനം (2.15 കോടി), ചാവക്കാട് ബീച്ച് ഏരിയ ടൂറിസം പദ്ധതി (2.5 കോടി), മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്‍റെ ഭാഗമായുള്ള വടക്കന്‍ പറവൂര്‍ പാലിയം ഊട്ടുപുര നവീകരണ പ്രവര്‍ത്തനം (2.03 കോടി) എന്നിവ ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ഉള്‍പ്പെടെ നവീകരണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഏറെ സവിശേഷകരമാണെന്നും ഇത് വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ ഐഎഎസ് പറഞ്ഞു.
ചങ്ങനാശ്ശേരി മനക്കച്ചിറ ടൂറിസം പദ്ധതി നവീകരണം, കുമരകം എസ്ടിപി, അങ്കമാലി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്‍റെ നവീകരണം ഒന്നാം ഘട്ടം, വടക്കന്‍ പറവൂര്‍ പാലിയം പദ്ധതി അറ്റകുറ്റപ്പണികളും പരിപാലനവും (എം.എച്ച്.പി), വടക്കന്‍ പറവൂര്‍ മാര്‍ക്കറ്റ് നവീകരണം (എംഎച്ച്പി), കൊടുങ്ങല്ലൂര്‍ മതിലകം ബംഗ്ലാകടവ് (എംഎച്ച്പി), കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചില്‍ഡ്രന്‍സ് പാര്‍ക്ക് (എംഎച്ച്പി), മാള സെമിത്തേരി കോമ്പൗണ്ട് മതില്‍ നിര്‍മ്മാണം (എംഎച്ച്പി), മാള സിനഗോഗ് നവീകരണം (എംഎച്ച്പി), കാസര്‍കോട് സ്റ്റേഡിയം സ്ക്വയര്‍ എന്നിവയാണ് വിവിധ ജില്ലകളിലായി നാടിന് സമര്‍പ്പിച്ച മറ്റ് പദ്ധതികള്‍.