കേരള ഹെല്‍ത്ത് സമ്മേളനം ബുധനാഴ്ച മുതല്‍


തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‍റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് കേരള ഹെല്‍ത്ത് വെബിനാര്‍ സമ്മേളനം ബുധനാഴ്ച ആരംഭിക്കും. ഡോ. പീറ്റര്‍ സിംഗര്‍, ഡോ. വി കെ പോള്‍, ഡോ. ബലറാം ഭാര്‍ഗവ, തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലോകാരോഗ്യസംഘടനയുടെ അസി. ഡയറക്ടര്‍ ജനറലാണ് ഡോ. പീറ്റര്‍ സിംഗര്‍. അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ ഡബ്ല്യുഎച്ഒ സാങ്കേതിക മേധാവി ഡോ. മരിയ കെര്‍കോവ്, എന്‍സിഡി മാനേജ്മന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ചെറിയാന്‍ വര്‍ഗീസ്, യുഎസ് എയിഡിന്‍റെ മുതിര്‍ന്ന ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെന്നത്ത് കാസ്ട്രോ തുടങ്ങിയവരും ഓണ്‍ലൈനായി നടക്കുന്ന സമ്മേളനത്തില്‍ സംസാരിക്കും.

ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് നാല് വരെ സംസ്ഥാനത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള അഞ്ച് വിഷയങ്ങളിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്. കേരളത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ചെലവ് കുറഞ്ഞതുമായ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് ലോക ശ്രദ്ധ കിട്ടാനും ഇതു വഴി സഹായകരമാണ്. യുഎന്‍ മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് www.keralahealthconference.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. 
ഹാര്‍വാര്‍ഡ് ടിഎച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫ. റിച്ചാര്‍ഡ് കാഷ്, യുനിസെഫിന്‍റെ ആരോഗ്യകാര്യ പ്രാദേശിക ഉപദേഷ്ടാവ് ഡോ. പോള്‍ റട്ടര്‍, റിസോള്‍വ് ടു സേവ് ലൈഫ്സിന്‍റെ സിഇഒ ഡോ. തോമസ് ആര്‍ ഫ്രൈഡന്‍, ക്ഷയ-ശ്വാസകോശ രോഗങ്ങള്‍ക്കെതിരായുള്ള അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്‍റ് പ്രൊഫ. ഗയ് ബി മാര്‍ക്ക്സ്, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍. ഇംപീരിയല്‍ കോളേജ് ലണ്ടനിലെ സീനിയര്‍ ക്ലിനിക്കല്‍ ഫെലോ ഡോ. മാല റാവു, യുനിസെഫ് പ്രതിനിധി ഡോ. യാസ്മിന്‍ അലി ഹഖ്, ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധിയും മുന്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയുമായിരുന്ന ശ്രീമതി സുജാത റാവു തുടങ്ങിയവരും അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശ്രീ വിശ്വാസ് മേത്ത ഐഎഎസ് പ്രത്യേക പ്രഭാഷണം നടത്തും. അന്താരാഷ്ട്ര രംഗത്തെ നയകര്‍ത്താക്കള്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, മുന്‍നിര ആരോഗ്യപോരാളികള്‍, മറ്റ് പങ്കാളികള്‍, പൊതുസമൂഹ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

സാര്‍വത്രിക ആരോഗ്യ സുരക്ഷ; ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം എന്നതാണ് ഉദ്ഘാടന ദിവസമായ ഫെബ്രുവരി 17 ലെ ചര്‍ച്ചാവിഷയം. കൊവിഡ് 19 മഹാമാരി; ആരോഗ്യവകുപ്പിന്‍റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ് എന്ന വിഷയത്തില്‍ ഫെബ്രുവരി 18 ന് ചര്‍ച്ച നടക്കും.

മാതൃ-ശിശുമരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; സത്യമോ മിഥ്യയോ എന്ന വിഷയത്തില്‍ ഫെബ്രുവരി 24 ന് നടക്കുന്ന ചര്‍ച്ച, ഈ രംഗത്തെ കേരളത്തിന്‍റെ മികച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ഈ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യത്തിനപ്പുറത്തേക്കുള്ള നേട്ടങ്ങള്‍ കേരളം ഇതിനകം തന്നെ കൈവരിച്ചിട്ടുണ്ട്. 1000 ല്‍ ഏഴ് മാത്രമാണ് കേരളത്തിലെ മാതൃ-ശിശുമരണ നിരക്ക്.

പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 25നും, ക്ഷയരോഗ നിവാരണം; കര്‍മ്മപദ്ധതി എന്ന വിഷയത്തില്‍ മാര്‍ച്ച് 4നും ചര്‍ച്ച നടക്കും. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതല്‍ എട്ടു വരെയാണ് ചര്‍ച്ച.

ക്ഷയരോഗനിവാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ക്ഷയരോഗമുക്തയായ നഴ്സ് ശ്രീമതി ദിവ്യ സോജന്‍ അനുഭവം പങ്ക് വയ്ക്കും. പ്രൊഫ. ഗയ് മാര്‍ക്സ്, ലോക ക്ഷയ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഡയറക്ടര്‍ ഡോ. തെരേസ കസേവ, സ്റ്റോപ് ടി ബി പാര്‍ട്ണര്‍ഷിപ്പിന്‍റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുവന്ദന സാഹു എന്നിവരും പങ്കെടുക്കുന്നുണ്ട്.

വെബിനാറിനൊപ്പം ഫെബ്രുവരി 19 ന് അത്യാഹിതവിഭാഗത്തെക്കുറിച്ച് പ്രത്യേക സെഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. എയിംസിലെ ജെപിഎന്‍ടിസിയിലെ എമര്‍ജന്‍സി വിഭാഗം പ്രൊഫ. ഡോ. സഞ്ജീവ് ഭോയി, ലോകാരോഗ്യ സംഘടന ന്യൂഡല്‍ഹിയിലെ സെറോ ചെയര്‍മാന്‍ ഡോ. പതഞ്ജലി നയ്യാര്‍, യുകെയിലെ എന്‍ എച് എസ് യുഎച് സിഡബ്ല്യൂ കണ്‍സല്‍ട്ടന്‍റ് ഡോ. വിനോദ് മേനോന്‍ തുടങ്ങിയ വിദഗ്ധരാണ് ഈ സെഷനില്‍ പങ്കെടുക്കുന്നത്.

മികച്ച നയരൂപീകരണം, സാമൂഹ്യ ഉടമസ്ഥത, നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെയാണ് ആരോഗ്യ-സാമൂഹ്യ സുരക്ഷാ രംഗത്തെ മികവാര്‍ന്ന നേട്ടം സംസ്ഥാനം കൈവരിച്ചതെന്ന് ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍, പകരാത്ത രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളം വെല്ലുവിളി നേരിടുന്നുണ്ട്. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി ആരോഗ്യ രംഗത്തെ അന്താരാഷ്ട്ര അനുഭവങ്ങള്‍ പാഠമാക്കി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരള ഹെല്‍ത്ത് ചര്‍ച്ചകളിലൂടെ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്‍റെ 14-ാമത് പഞ്ചവത്സരപദ്ധതിയില്‍(20222027) ഇടം പിടിയ്ക്കുമെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ പറഞ്ഞു. ഓരോ പ്രമേയത്തിലും മികച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാഥമിക ആരോഗ്യ പരിപാലനം, മാതൃ-ശിശു ആരോഗ്യ പരിപാലനം, പകരുന്നതും പകരാത്തതുമായ അസുഖങ്ങള്‍ എന്നീ മേഖലയിലുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ ഭരണകര്‍ത്താക്കളും വികസനപങ്കാളികളും തമ്മിലുള്ള ചര്‍ച്ച സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ 2015ലെ പൊതുസഭ പാസാക്കിയ 17 ഇനങ്ങളിലായുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള ആറാമത്തെ വര്‍ഷമാണിതെന്നതിനാല്‍ സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.