ജയറാമും മമ്മൂട്ടിയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

കൊച്ചി: 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ധ്രുവം എന്ന സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിയും ജയറാമും സഹോദരന്മാരായി അഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ടീം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ്.

ഗുഡ്‌വില്‍ സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന ചിത്രം വരുന്നുണ്ടെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാണ് സ്ഥിരീകരിച്ചത്.അതേസമയം ആരാണ് ചിത്രത്തിന്റെ സംവിധാനമെന്നോ തിരക്കഥയെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസിന്റെ ചിത്രമാണിതെന്നാണ് സിനിമാ ട്രാക്കര്‍മാര്‍ പുറത്തുവിടുന്നത്.

2018 ല്‍ ചാര്‍ട്ട് ചെയ്ത ഈ ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നെന്നും ഒരു ഗെയിം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നുമാണ് ട്രാക്കര്‍മാര്‍ അവകാശപ്പെടുന്നത്.

അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെതായി അടുത്തതായി ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ വണ്‍, ഹോറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ദി പ്രീസ്റ്റ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ ആണ് ജയറാമിന്റെതായി ഒരുങ്ങുന്ന അടുത്ത ചിത്രം.